malappuram local

അഴീക്കല്‍ ഗവ. ഫിഷറീസ് സ്‌കൂള്‍ പൂജ്യത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക്‌



പൊന്നാനി: വാക്‌സിനേഷന്‍ എന്നു കേട്ടാല്‍ കലിയിളകുന്ന രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയും അധ്യാപകരും കൈകോര്‍ത്ത് രംഗത്തെത്തിയത്. തീരദേശ മേഘലയില്‍ എംആര്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ പുരോഗമിച്ചിട്ടും പൂജ്യം ശതമാനത്തില്‍ നിന്നിരുന്ന സ്‌കൂള്‍ ആയിരുന്നു അഴീക്കല്‍ ഗവ. ഫിഷറീസ് സ്‌കൂള്‍. മൂന്നു തവണ പിടിഎ മീറ്റിങ് നടത്തിയിട്ടും നിരവധി തവണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടും രക്ഷകര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ വാക്‌സിനേഷനെ എതിര്‍ത്തു നിന്നതോടെയാണ് ചെയര്‍മാന്‍ അധ്യാപകരുടെ സഹായത്തോടെ വാക്‌സിന്‍ ഭീതി നീക്കാനെത്തിയത്. എത്ര വലിയ പ്രതിരോധവും ജനമനസ്സില്‍ ഇടം നേടിയ ജനപ്രതിനിധികള്‍ക്ക് ബേധിക്കാനാവും എന്ന് തെളിയിച്ചു കൊണ്ട് പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി സ്വന്തം മകന് അഴീക്കല്‍ ഫിഷറീസ് സ്‌കൂളില്‍ വച്ച് എം ആര്‍ വാക്‌സിനേഷന്‍ എടുക്കുകയും ചെയ്തു. ഇതിനു പുറമെ ഈ സ്‌കൂളിലെ അധ്യാപികയുടെ കുഞ്ഞിനും വാക്‌സിന്‍ നല്‍കി. ഇതോടെ രക്ഷിതാക്കളിലെ ആശങ്കകള്‍ എങ്ങോ പറന്നുപോയി. 50ശതമാനത്തിനടുത്ത് വിദ്യാര്‍ഥികള്‍ കുത്തിവയ്‌പ്പെടുപ്പിക്കുകയും ചെയ്തു.വരും ദിവസങ്ങളില്‍ മുഴുവന്‍ കുട്ടികളെയും പ്രതീക്ഷിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെയും ചെയര്‍മാന്റെയും പ്രതീക്ഷ. വാട്‌സപ്പിലൂടെയും ഫേസ് ബുക്കിലൂടെയും വരുന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകളില്‍ വിശ്വസിച്ച് വരും തലമുറയുടെ പ്രതിരോധ കുത്തിവയ്പ്പ് എന്ന അവകാശം പൊന്നാനിയിലെ ഒരു ക്ഷിതാവും നിഷേധിക്കരുത് എന്ന് ചെയര്‍മാന്‍  രക്ഷിതാക്കളോട്  അഭ്യര്‍ത്ഥിച്ചു. അതേസമയം പൊന്നാനിയില്‍ എംആര്‍ വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഇതു വരെ കുത്തിവെപ്പെടുത്തത് 41ശതമാനം കുട്ടികളാണ്. പൊന്നാനി ഗവ.ആശുപത്രിക്ക് കീഴിലെ പതിനെട്ട് വിദ്യാലയങ്ങളിലും, അങ്കണവാടികളിലും കേന്ദ്രീകരിച്ച് നടത്തിയ ക്യാംപയിനിന്റെ ഭാഗമായി ഇതുവരെ 41ശതമാനം കുട്ടികള്‍ മാത്രമാണ് കുത്തിവെപ്പ് എടുത്തിട്ടുള്ളത്. ആശുപത്രിയുടെ പരിധിയിലുള്ള 18 സ്‌കൂളുകളില്‍ ഇതിനകം 50 ശതമാനം കുത്തിവെപ്പ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 76 11 വിദ്യാര്‍ത്ഥികളില്‍ 3798 വിദ്യാര്‍ത്ഥികളും, അങ്കണന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെ 4366 കുട്ടികളില്‍ 1123 കുട്ടികളുമാണ് എംആര്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. മൊത്തം 11977 കുട്ടികളില്‍ 4921 പേര്‍ മാത്രമാണ് കുത്തിവെപ്പ് പൂര്‍ത്തീകരിച്ചത്. ബാലചന്ദ്ര വിദ്യാനികേതനില്‍ മാത്രമാണ് നൂറ് ശതമാനം കുത്തിവെപ്പ് പൂര്‍ത്തീകരിച്ചത്.പുതുപൊന്നാനി എംഐ ഗേള്‍സ് ഹൈസ്‌കൂളില്‍ 75ശതമാനവും, തൃക്കാസ് ഹൈസ്‌കൂളില്‍ 68ശതമാനവും എംഐ അറബി കോളേജിലും, എംഐ ബോയ്‌സ് ഹൈസ്‌കൂളിലും 64ശതമാനവും വിദ്യാര്‍ഥികളും കുത്തിവെപ്പ് എടുത്തു. ചില സ്‌കൂളുകള്‍ മാത്രമാണ് പദ്ധതിയോട് വിമുഖത കാണിക്കുന്നത്. നവ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തെറ്റായ സന്ദേശമാണ് കുത്തിവെപ്പ് എടുക്കുന്നതില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നതെന്ന് ഗവ.ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോ.വഹീദ പറഞ്ഞു.
Next Story

RELATED STORIES

Share it