kozhikode local

അഴിയൂര്‍ പഞ്ചായത്തില്‍ കൊതുക് നിര്‍മാര്‍ജനത്തിന് സമഗ്ര പദ്ധതി

വടകര: അഴിയൂര്‍ പഞ്ചായത്ത് കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കൊതുക് നിര്‍മ്മാര്‍ജ്ജനവും, പരിസര ശുചീകരണവും ഊര്‍ജ്ജിതമാക്കാനായി അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും പരിസരവും പ്രത്യേക പരിശോധന നടത്താന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനിച്ചത്.
അഴിയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് ജപ്പാന്‍ ജ്വരം ബാധിച്ചു വീട്ടമ്മ മരിച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളും, മറ്റ് നടപടികളും ഊര്‍ജ്ജിതമാക്കാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. യുദ്ധകാല അടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനും, അജൈവ മാലിന്യങ്ങള്‍ കയറ്റിയയക്കാനും തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ഓരോ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതം സഹായധനം നല്‍കും.
ദേശീയപാതയിലടക്കം രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രികാല പെട്രോളിങ്ങ് ഊര്‍ജ്ജിതമാക്കുമെന്ന് ചോമ്പാല്‍ എസ്‌ഐ പികെ ജിതേഷ് പറഞ്ഞു. ജപ്പാന്‍ ജ്വരം കണ്ടത്തെിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍നസീര്‍ പറഞ്ഞു. മുഴുവന്‍ അജൈവ മാലിന്യങ്ങളും വീടുകളില്‍ നിന്ന് കലക്ട് ചെയ്ത് റീസൈക്കിള്‍ ചെയ്യുവാനും ഇതിന്റെ ആദ്യപടിയായി കുപ്പി, ഗ്ലാസുകള്‍ ജൂണ്‍ 20ന് ശേഖരിക്കുവാനും തീരുമാനിച്ചു.
പഞ്ചായത്തില്‍ ഫഌക്‌സുകള്‍ 15ന് ഉപയോഗിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇതിന് ശേഷം മുഴുവന്‍ ഫ്‌ലക്‌സുകളും പ്രത്യേക സ്‌ക്വഡിനെ ഉപയോഗിച്ച് നശിപ്പിക്കും. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി 100ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഹരിത ചട്ടം കര്‍ശനമായി പാലിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു.
നാളെ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരം ശുചീകരിക്കും. കുടിനീര്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കിണറുകളും കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്താനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ ദേശീയപാതയിലേയും, പഞ്ചായത്ത് റോഡുകളിലെയും ഓടകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളായി മാറുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇത് ശുചീകരിക്കാനുള്ള നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ വാര്‍ഡുകളിലും ഫോഗിങ്ങും, ബോധവല്‍ക്കരണ പരിപാടിയും നടത്തണമെന്ന അഭിപ്പായവും ഉയര്‍ന്നു. പഞ്ചായത്തിലെ മുഴുവന്‍ വകുപ്പുകളും ഏകോപിപ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികള്‍ തടയാനായി  സത്വര നപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്ത്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.കെ അബ്ദുള്‍ നസീര്‍, ഡോ.കെ രമ്യ, ഡോ. ഷംന, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, പ്രദീപ് ചോമ്പാല, അന്‍വര്‍ ഹാജി, എംപി ബാബു, പിഎം അശോകന്‍, പി സാലിം, കെകെ ജയകുമാര്‍, കെപി പ്രമോദ്, വിപി ജയന്‍, ജാസ്മിന കല്ലേരി, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it