kozhikode local

അഴിയൂരില്‍ സ്ത്രീക്ക് ജപ്പാന്‍ ജ്വരം; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാലില്‍ ഭാഗത്ത് ഒരു സ്ത്രീയ്ക്ക് ജപ്പാന്‍ജ്വരം കണ്ടത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും, ഗ്രാമപ്പഞ്ചായത്തും പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീയുടെ രക്ത സാമ്പിള്‍ മംഗലാപുരം വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ജപ്പാന്‍ ജ്വരമാണെന്ന് സ്ഥിതീകരിച്ചത്.
ഇതിനെ തുടര്‍ന്ന് അഴിയൂര്‍ പ്രാഥമിക കേന്ദ്രവും, ആരോഗ്യവകുപ്പും, ആശപ്രവര്‍ത്തകരും, മറ്റ് സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ സമീപത്തെ 200ല്‍പ്പരം വീടുകളില്‍ കയറി ബോധവല്‍ക്കരണവും, ശുചീകരണ പ്രവര്‍ത്തനവും നടത്തി. ജപ്പാന്‍ ജ്വരം കൊതുക് ജന്യ രോഗമായതിനാല്‍ കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. കൊതുകളെപ്പറ്റിയും, രോഗം വരാനുള്ള സാഹചര്യത്തെക്കുറിച്ചും പഠിക്കാനായി തിരുവനന്തപുരം ആരോഗ്യവകുപ്പിന്റെ കീഴിലെ എന്റമോളജി വിഭാഗത്തിലെ സോണല്‍ ഓഫീസര്‍ അഞ്ചുവിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് പരിസര പ്രദേശത്തെ കിണറുകളുകളും മറ്റും പരിശോധന നടത്തി. പരിശോധനക്കായി കൊതുകിന്റെ സാമ്പിളുകളും ശേഖരിച്ചിരിക്കയാണ്. ജപ്പാന്‍ ജ്വരം പടര്‍ത്തുന്ന കൊതുകുകളെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആഴം കുറഞ്ഞ കിണറുകളില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകുകളുടെ ലാര്‍വയും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ആദ്യമായാണ് ജപ്പാന്‍ജ്വരം സ്ഥിതീകരിച്ചത്. രോഗം പടരാതിരിക്കാന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it