kozhikode local

അഴിയൂരില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ പടിക്കു പുറത്ത്‌



വടകര: അഴിയൂരില്‍ പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് വന്നതോടെ പട്ടികജാതി വിദ്യാര്‍ഥികള്‍ പടിക്ക് പുറത്ത്. നാടെങ്ങും സ്‌കൂള്‍ പ്രവേശനം ആഘോഷമാക്കിയപ്പോഴാണ് ജില്ലയിലെ ഏക പട്ടികജാതി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ പടിക്ക് പുറത്തായത്. അഞ്ചു വര്‍ഷം മുമ്പ് ഉള്ളിയേരിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം ഒരു വര്‍ഷം മുന്‍പാണ് അഴിയൂരിലേക്ക് മാറ്റിയത്. സ്‌കൂളിനോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാതെയാണ് പ്രവൃത്തിക്കുന്നതെന്ന് നേരത്തെ ഉണ്ടായ പരാതിയെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മെയ് 31ന് പട്ടികജാതി വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഉത്തരവിറങ്ങിയത്. ഇവിടെ പഠനം നടത്തുന്ന 140 ഓളം വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം. ഇന്നലെ സ്‌കൂള്‍ പ്രവേശനത്തിന് എത്തിയപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടിയ വിവരം വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയുന്നത്. എന്നാല്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌കൂളില്‍ 12 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും, വിവിധ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it