Second edit

അഴിമതി

അഴിമതി തടയാന്‍ ഏറ്റവും ഫലപ്രദമായ വഴിയെന്ത്? അഴിമതിക്കെതിരായ എല്ലാ അന്വേഷണങ്ങളെയും മരവിപ്പിക്കുകയോ അട്ടിമറിക്കുകയോ ആണ് നല്ല വഴിയെന്നു ചൂണ്ടിക്കാണിച്ചുതരുന്നത് ബ്രസീലിലെ ഭരണാധികാരികള്‍.
ബ്രസീലിലെ ഭരണകൂടം പൊതുവില്‍ ഇടതുപക്ഷ അനുകൂലമാണ്. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ ഒരുകാലത്ത് ലോക ഇടതുപക്ഷത്തിന്റെ പ്രിയ നായകനായിരുന്നു. അദ്ദേഹമാണ് ബ്രസീലില്‍ അധികാരത്തിലെത്തിയ പുത്തന്‍ ഇടതുപക്ഷത്തിന്റെ പ്രതീകമായി ലോകമെങ്ങും കൊണ്ടാടപ്പെട്ടത്.
പക്ഷേ, ഇപ്പോള്‍ പുള്ളിക്കാരന്‍ അഴിമതി ആരോപണങ്ങളുടെ കരിനിഴലിലാണ്. പെട്രോ ബ്രാസ് എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധനക്കമ്പനിയിലെ അഴിമതികളാണ് മുന്‍ പ്രസിഡന്റിന് വിനയായത്. അദ്ദേഹത്തിനെതിരേ അഴിമതി സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.
അന്വേഷണം തടയാന്‍ ഒറ്റമൂലിയാണ് ലുലയുടെ പിന്‍ഗാമിയും അനുയായിയുമായ ഇപ്പോഴത്തെ പ്രസിഡന്റ് ദില്‍മ റൂസേഫ് പ്രയോഗിച്ചത്. മുന്‍ പ്രസിഡന്റിനെ തന്റെ മന്ത്രിസഭയിലെ ഒരംഗമാക്കി അവര്‍. മന്ത്രിസഭാംഗങ്ങള്‍ക്കെതിരേ സുപ്രിംകോടതിയുടെ അനുമതിയില്ലാതെ അഴിമതി അന്വേഷണം പാടില്ല. അതോടെ ലുലയുടെ അഴിമതി സംബന്ധിച്ച അന്വേഷണം പ്രതിസന്ധിയിലായി.
ഇതു ഭരണഘടനാപരമായ അട്ടിമറിയാണെന്ന് പ്രതിപക്ഷം പറയുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നീക്കമാണിതെന്ന് പൊതുവില്‍ ലോകവും കരുതുന്നു. പക്ഷേ, അധികാരക്കസേരയില്‍ പിടിമുറുക്കാനുള്ള മല്‍സരത്തിനിടയില്‍ അഴിമതിക്കറയൊന്നും ആര്‍ക്കും തടസ്സമല്ലല്ലോ.
Next Story

RELATED STORIES

Share it