World

അഴിമതി: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടുകളില്‍ റെയ്ഡ്

ക്വാലാലംപൂര്‍: മലേസ്യയില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീടുകളിലും ഓഫിസുകളിലും പോലിസ് തിരച്ചില്‍ നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് റസാഖിന്റെ രണ്ട് വീടുകളിലും ഓഫിസുകളിലും സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം തിരച്ചില്‍ ആരംഭിച്ചത്. 1 മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍. വീട്ടില്‍ നിന്ന് ഹാന്‍ഡ്ബാഗുകളും വസ്ത്രങ്ങളും നജീബ് റസാഖിന് ലഭിച്ച സമ്മാനങ്ങളും പോലിസ് കൊണ്ടുപോയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദാതുക് ഹര്‍പാല്‍ സിങി ഗ്രെവാല്‍ പറഞ്ഞു. എന്നാല്‍ രേഖകളൊന്നും പോലിസ് കൊണ്ടുപോയിട്ടില്ല. പോലിസ് നടപടികളോട് നജീബ് റസാഖും കുടുംബാംഗങ്ങളും സഹകരിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.
നജീബ് റസാഖ് രാജ്യം വിടുന്നത് മലേസ്യന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. പുതിയ പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദ് സ്ഥാനമേറ്റതിനു പിറകെയായിരുന്നു റസാഖിനെതിരായ യാത്രാ വിലക്ക് ഉത്തരവ്.
നജീബ് റസാഖിനെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള 1 മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1 എംഡിബി) എന്ന സ്ഥാപനത്തിലെ 450 കോടി ഡോളറിന്റെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
2015ലാണ് അഴിമതി നടന്നത്. തിരിമറി നടന്ന തുകയില്‍ 70 കോടി ഡോളറോളം നജീബ് റസാഖിന്റെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, 2016ല്‍ അറ്റോര്‍ണി ജനറല്‍ കേസില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. നജീബ് റസാഖിന് ലഭിച്ച പണം സൗദി രാജകുടുംബത്തിന്റെ സംഭാവനയാണെന്നും അതില്‍ ഭൂരിഭാഗവും തിരിച്ചുനല്‍കിയെന്നുമാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. കേസില്‍ മുന്‍ പ്രധാനമന്ത്രിക്ക്് ക്ലീന്‍ ചിറ്റ് നല്‍കിയ അറ്റോര്‍ണി ജനറലിനെ മഹാതീര്‍ മുഹമ്മദ് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.
Next Story

RELATED STORIES

Share it