അഴിമതി നിരോധന നിയമം: വിജിലന്‍സിന് പൂട്ടിട്ട് ഹൈക്കോടതി; നയതീരുമാനങ്ങള്‍ അന്വേഷിക്കാനാവില്ല

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നയതീരുമാനങ്ങളെയും ഭരണപരമായ ഉത്തരവുകളെയും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി വിജിലന്‍സിന് അന്വേഷിക്കാനാവില്ലെന്ന് ഹൈക്കോടതി.
നിയമനിര്‍മാണങ്ങളുടെ സാധുത അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ അധികാരമില്ലെന്നും ഇത്തരം കാര്യങ്ങളില്‍ നിര്‍ദേശത്തിന്റെ രൂപത്തിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ എന്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയതിനെതിരേ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തത് മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.
സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നാലു തസ്തികകള്‍ ഉണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്നും ഇതില്‍ അധികാരപരിധി ലംഘനമില്ലെന്നും അദ്ദേഹം വാദിച്ചു.
സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളുടെയും സ്ഥാനക്കയറ്റത്തിന്റെയും നിയമസാധുത പോലും ചോദ്യം ചെയ്യുന്ന റിപോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍ നല്‍കിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അധികാരമില്ല. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അടക്കമുള്ള നടപടികള്‍ സര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്നതാണ്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണത്. ഈ നടപടികളുടെ നിയമസാധുതയും ഔചിത്യവുമൊക്കെ പരിശോധിക്കേണ്ടത് ട്രൈബ്യൂണലുകളാണ്; വിജിലന്‍സ് അടക്കമുള്ള പോലിസ് സംവിധാനങ്ങളല്ല. അതിന് അനുവദിച്ചാല്‍ നിയമവാഴ്ച നിലനില്‍ക്കുന്ന നിയമസംവിധാനത്തിന് അത് ഗുരുതരമായ പ്രത്യാഘാതമാവും ഉണ്ടാക്കുക. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അഴിമതി വെളിവാകുന്ന കുറ്റകൃത്യത്തില്‍ മാത്രമേ അഴിമതി നിരോധന നിയമപ്രകാരം നടപടി പാടുള്ളൂ. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയില്ലാത്ത കേസാണിതെന്ന് പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, തീരുമാനം സര്‍ക്കാരിന് പുനപ്പരിശോധിക്കാമെന്ന് നിര്‍ദേശിക്കുകയും ഇത്തരം കാര്യങ്ങളില്‍ ചട്ടം പാലിക്കണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് നിര്‍ദേശരൂപത്തില്‍ ശുപാര്‍ശ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ക്ക് അധികാരമില്ല. പണം തിരിച്ചുപിടിക്കലടക്കം അച്ചടക്ക നടപടികള്‍ ആവശ്യമെന്ന് കണ്ടാല്‍ പോലും അക്കാര്യം സര്‍ക്കാരിനോട് റിപോര്‍ട്ട് ചെയ്യാനേ പറ്റൂ. വസ്തുതകള്‍ കണക്കിലെടുത്താല്‍ ഹരജിക്കാരനെതിരായ പരാതി അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് കോടതി വിലയിരുത്തി.

Next Story

RELATED STORIES

Share it