World

അഴിമതി: തുനീസ്യന്‍ ഊര്‍ജമന്ത്രിയെ പുറത്താക്കി

തൂനിസ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് തുനീസ്യന്‍ ഊര്‍ജമന്ത്രി ഖാലിദ് കദ്ദൗറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. അഴിമതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി യൂസുഫ് ചാഹേദിന്റേതാണ് നടപടി. മന്ത്രാലയത്തിലെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്.
ഊര്‍ജ-വ്യവസായ വകുപ്പുകള്‍ തമ്മില്‍ ലയിപ്പിക്കാനും അഴിമതിയെക്കുറിച്ച് അന്വേഷിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, നടപടികളെക്കുറിച്ച് പ്രതികരിക്കാന്‍ ഖാലിദ് കദ്ദൗര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ പ്രധാന എണ്ണ നിക്ഷേപസ്ഥലങ്ങളിലൊന്നായ ഹല്‍ക് മന്‍സേല്‍ ഓയില്‍ ഫീല്‍ഡില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവൃത്തികള്‍ തുടങ്ങാന്‍ തുനീസ്യയിലെ നിക്ഷേപകരിലൊരാള്‍ക്ക് അനുമതി നല്‍കിയെന്നാണ് കദ്ദൗറിനെതിരേയുള്ള ആരോപണം. സര്‍ക്കാര്‍ വക്താവ് ഇയാദ് ദാഹ്മാനിയാണ് ഇക്കാര്യം അറിയിച്ചത്.
തുനീസ്യയില്‍ അഴിമതി അവസാനിപ്പിക്കാനായി ചാഹേദ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ശക്തമായ നടപടികള്‍ കൊണ്ടുവന്നിരുന്നു. ഇതിനു ശേഷം ഇതാദ്യമായാണ് ഒരു മന്ത്രി ഉള്‍പ്പെടുന്നത്. അതേസമയം, പുറത്താക്കിയ ചില ഉദ്യോഗസ്ഥര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it