അഴിമതി തടയാന്‍ സര്‍വീസ് സംഘടനകള്‍ മുന്‍കൈയെടുക്കണം

തിരുവനന്തപുരം: സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരേ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍, ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വീസില്‍ അഴിമതി പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സംഘടനകള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബറോടുകൂടി ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കും. ജീവനക്കാരുടെ ഇടയില്‍ ആവശ്യമായ ബോധവത്കരണം ഉണ്ടാവണം. പുതിയതായി സര്‍വീസിലെത്തുന്ന ജീവനക്കാര്‍ക്ക് നിശ്ചിത കാലം പരിശീലനം നല്‍കണമെന്ന നിര്‍ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമേ സംവരണം ബാധകമാവൂ എന്നും ബൈ ട്രാന്‍സ്ഫര്‍, പ്രമോഷന്‍ വിഭാഗക്കാരുടെ കെഎഎസ് നിയമനത്തില്‍ സംവരണം ബാധകമാവില്ലെന്നും അഡ്വക്കറ്റ് ജനറല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയതില്‍ സംഘടനാ പ്രതിനിധികള്‍ നന്ദി അറിയിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സംബന്ധിച്ചു.
Next Story

RELATED STORIES

Share it