Flash News

അഴിമതി തടയാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണ : മുഖ്യമന്ത്രി



തിരുവനന്തപുരം: നാടിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നതുകൊണ്ടാണ് സഹകരണപ്രസ്ഥാനങ്ങള്‍ക്കു ജനവിശ്വാസം നേടിയെടുക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിവിധ സോഫ്റ്റ്‌വെയറുകളുടെയും സഹകരണ ജീവനക്കാര്‍ക്കുളള പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ വലിയ തോതില്‍ അഴിമതിയുണ്ടായിട്ടും സഹകരണമേഖലയ്ക്ക് പൊതുവേ അഴിമതിമുക്തമായി നില്‍ക്കാനായത് ജനവിശ്വാസത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന ബോധംകൊണ്ടാണ്. അഴിമതി തടയാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഗൗരവമായ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവമുണ്ടാവില്ല. ശരിയായ രീതിയിലുള്ള പരിശോധന സ്ഥാപനങ്ങളില്‍ നടക്കണം. ഓഡിറ്റ് സംവിധാനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നത് ഗൗരവമായി ആലോചിക്കും. ഒപ്പം നിലവിലുള്ള ഓഡിറ്റര്‍മാര്‍ക്ക് കാലാനുസൃതമായി പ്രവര്‍ത്തനത്തില്‍ കഴിവു നേടാനുമാവണം. സഹകരണസംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.    അതേസമയം, കേരളത്തിലെ പട്ടണങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അത്യാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തല്‍സമയ അന്തരീക്ഷവായു ഗുണനിലവാര സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് വിതരണവും മാസ്‌കോട്ട് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ വിജയകരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കിയ കമ്പനികളെ കേരളത്തില്‍ ക്ഷണിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നവരെ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തില്‍ മികവ് പുലര്‍ത്തിയ വിവിധ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ നല്‍കി. 2016ലെ ജല -വായു ഗുണനിലവാര ഡയറക്ടറി വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it