thiruvananthapuram local

അഴിമതി തടയല്‍ : തദ്ദേശസ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും: മന്ത്രി



കാട്ടാക്കട: അഴിമതി തടയാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജൂണ്‍ ഒന്ന് മുതല്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. അഴിമതിരഹിത സിവില്‍ സര്‍വീസ് ഉറപ്പു വരുത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇതെന്നും ഇങ്ങനെ സ്ഥാപിക്കുന്ന പരാതി പെട്ടികള്‍ എല്ലാ മാസവും പരിശോധിക്കുന്നതിന് പ്രത്യേക സമിതികള്‍ ഉണ്ടാകും എന്നും പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാര്‍ഡാമില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് എന്‍ജിനീയറിങ് എംപ്ലോയിസ് ഇന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫില നാലാമത് സംസ്ഥാന സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിവാദ്യം ചെയ്യുകയായിരുന്നു മന്ത്രി. എല്‍എസ്ജിഡി സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് ജനപ്രതിനിധികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് അവരുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ സെക്രട്ടറി മാര്‍ക്ക് കീഴില്‍ ആക്കിയതെന്നും അത് കൊണ്ട് ഈ വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ ഉള്‍പ്പടെയുള്ള ഏതെങ്കിലും ആനുകൂല്യങ്ങള്‍ നഷ്ട്ടപെടില്ലെന്നും ഇതുമായി ബന്ധപ്പെട്ടുഏതെങ്കിലും പരാതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. പൊതു സമ്മേളനം അഡ്വ. ഐ ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ ജി വിജയന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ ഷഫീക്ക്  പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എല്‍എസ്ജിഡി ചീഫ് എന്‍ജിനീയര്‍ പി ആര്‍ സജി കുമാര്‍ മുഖ്യാഥിതി ആയിരുന്നു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ ആര്‍ സിങ് റസല്‍, എല്‍എസ്ജിഡി എന്‍ജിനീയറിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ടി സാജന്‍, എല്‍എസ്ജിഡി ജിഇ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ജി സാഹുജി, അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ജനറല്‍ സെക്രട്ടറി രഞ്ജി, എല്‍എസ്ജിഡി എന്‍ജിനീയറിങ് വിങ് മിനിസ്ടീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സത്യരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശുഭ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അഴിമതിരഹിത എല്‍എസ്ജിഡി സര്‍വ്വീസ് എന്ന സന്ദേശമുയര്‍ത്തി കള്ളിക്കാട് നിന്നും സമ്മേളന നഗരിയിലേക്ക് ദീപശിഖാ പ്രയാണം നടത്തി.
Next Story

RELATED STORIES

Share it