malappuram local

അഴിമതി ചോദ്യം ചെയ്തു; വിവരാവകാശ പ്രവര്‍ത്തകന് ലീഗുകാരുടെ മര്‍ദ്ദനം

തിരൂര്‍: അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവര്‍ത്തകന് മര്‍ദ്ദനം. പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമണ്ണ വലിയറക്കല്‍ ശിഹാബ് (31)നാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പെരുമണ്ണ പള്ളിയില്‍ നിന്നും ജുമുഅ നമസ്‌കാരംകഴിഞ്ഞു പുറത്തിറങ്ങിയ ശിഹാബിനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പെരുമണ്ണ ക്ലാരി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം ചെറിച്ചി വീട്ടില്‍ റഷീദ്, ചെറിച്ചി വീട്ടില്‍ ഷറഫുദ്ദീന്‍, ചെറിച്ചി ഖാദര്‍ ഹാജി, ചെറിച്ചി പോക്കര്‍ ഹാജിയുടെ മകന്‍ സൈതലവി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
ശിഹാബിന്റെ തലക്കും കൈക്കും നാഭിക്കും പരിക്കേറ്റിട്ടുണ്ട് ഇവരുടെ വീട്ടിലേക്കുള്ള പോക്കര്‍ ഹാജിപ്പടി റോഡ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്യുന്നതിനെ വിവരാവകാശ നിയമപ്രകാരം ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ശിഹാബ് മൊഴി നല്‍കി. മര്‍ദ്ദിച്ചവരും ശിഹാബും ലീഗ് പ്രവര്‍ത്തകരാണ്.
വിവരാവകാശ പ്രവര്‍ത്തകനായ ശിഹാബിന്റെ അഴിമതിക്കെതിരായ നീക്കങ്ങള്‍ ലീഗിനെചൊടിപ്പിച്ചിരുന്നു.പലതവണ ശിഹാബുമായി ലീഗ് നേതൃത്വം അനുരജ്ഞന ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ശിഹാബ് വഴങ്ങിയിരുന്നില്ല. അതാണ് മര്‍ദ്ദനത്തിനു കാരണമെന്നും ലീഗ് നേതൃത്വവും അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതിനാലാണ് രണ്ടു ദിവസമായി ആശുപത്രിയില്‍ കഴിയുന്ന തന്നെ ലീഗ് പ്രവര്‍ത്തകരോ നേതൃത്വമോ സന്ദര്‍ശിക്കാത്തതെന്നും ശിഹാബ് പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ നിരവധി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 240 മീറ്റര്‍ നീളമുള്ള റോഡുകള്‍ 800 മീറ്ററായും പല ഇടവഴികളും റോഡായും രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തംഗം റഷീദിന്റെ സഹോദരന്റെ വീട്ടിലേക്കുള്ളതും പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചതുമായ പോക്കര്‍ ഹാജിപ്പടി റോഡിന് 200 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ളതായാണ് ആസ്തി രജിസ്റ്ററിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ റോഡിന് 84 മീറ്റര്‍ നീളവും 2.80 മീറ്റര്‍ വീതിയുമാണുള്ളത്.
വിവരാവകാശ പ്രകാരം രേഖകള്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന നിരവധി റോഡുകള്‍ ടാറിങിന് അവശേഷിച്ചിരിക്കെ ഈ റോഡിന് ഫണ്ട് അനുവദിച്ചതിനെയാണ് ചോദ്യം ചെയ്തത്. ശിഹാബ് പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it