അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പൊതുരംഗത്തു നിന്ന് മാറിനില്‍ക്കും: പ്രയാര്‍തി

രുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കിയതും 10 ലക്ഷത്തിന് മുകളിലുള്ള മരാമത്ത് ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നതും തങ്ങളാണെന്നും ഇരുവരും പറഞ്ഞു. രൂപീകരണം മുതല്‍ മില്‍മയിലും മുന്നാക്ക വികസന കോര്‍പറേഷനിലും പ്രവര്‍ത്തിച്ച താന്‍ എവിടെയെങ്കിലും അഴിമതി നടത്തിയതായി ചൂണ്ടിക്കാണിച്ചാല്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കുമെന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും വര്‍ഷം മുഴുവന്‍ നടതുറക്കുന്നതിനെയും എതിര്‍ത്തതോടെയാണു താന്‍ സര്‍ക്കാരിന്റെ ശത്രുവായി മാറിയതെന്നും പ്രയാര്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയ ശേഷം 200 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടാക്കാനും 32 കോടി പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാനും കഴിഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ഓരോരുത്തരും യാത്രപ്പടിയായി 12 ലക്ഷം രൂപ മാത്രമാണു വാങ്ങിയിട്ടുള്ളത്. രണ്ടു പേരും ചേര്‍ന്ന് 24 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന വ്യാജക്കണക്ക് തങ്ങളെ അപമാനിക്കന്‍ വേണ്ടിയാണ്. ഒരു മാസത്തെ യാത്രാപ്പടി പരമാവധി 70,000 രൂപയില്‍ കൂടുതല്‍ കൈപ്പറ്റാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ ചില മാധ്യമങ്ങള്‍ തങ്ങളുടെ പ്രതികരണം പോലും ആരായാതെയാണു വാര്‍ത്ത നല്‍കിയതെന്നും മുന്‍ ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗം തിരുവനന്തപുരത്തു മാത്രമല്ല ആലുവ, പമ്പ, ശബരിമല, കോട്ടയം, കൊട്ടാരക്കര എന്നിവിടങ്ങളിലും നടത്താറുണ്ട്. പുതിയ ബോര്‍ഡ് അംഗങ്ങളെ നിയമിച്ചതില്‍ നിയമപ്രശ്‌നമുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it