അഴിമതി: ഇറാന്‍ കോടീശ്വരന് പിഴയും വധശിക്ഷയും

തെഹ്‌റാന്‍: 280 കോടി ഡോളറിന്റെ അഴിമതിക്കേസില്‍ കോടീശ്വരനായ വ്യവസായി ബബക് സഞ്ചാനിക്ക് ഇറാനില്‍ വധശിക്ഷ. എണ്ണ വില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട വന്‍ തുക ഇടനിലക്കാരനായിനിന്നു തട്ടിയെടുത്തുവെന്നാണ് 41കാരനായ പ്രതിക്കെതിരായ കേസ്. പണം ഇയാള്‍ സര്‍ക്കാരിന് തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മഹ്മൂദ് അഹ്മദി നജാദ് പ്രസിഡന്റായിരിക്കെ പാശ്ചാത്യ ഉപരോധം മറികടന്ന് എണ്ണ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഇറാനിലെത്തിക്കുന്നതിന് സഞ്ചാനി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. പരസ്യമായിട്ടായിരുന്നു ഇയാളുടെ വിചാരണ. കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
അഴിമതി നടത്തിയതിന്റെ നാലിലൊന്ന് തുകയാണ് ഓരോ പ്രതികളും തിരിച്ചടക്കേണ്ടത്. എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എണ്ണ വില്‍പ്പനയിലൂടെ ലഭിച്ച തുക എണ്ണ മന്ത്രാലയത്തിന് നല്‍കാന്‍ സാധിക്കാതെ വന്നത് ആണവപദ്ധതിയുമായി ബന്ധപ്പെട്ട പാശ്ചാത്യ ഉപരോധം മൂലമാണെന്നും സഞ്ചാനി പറഞ്ഞു. ഇയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അഹ്മദി നജാദ് ഭരണത്തില്‍ അഴിമതിയും നിയമവിരുദ്ധമായ കമ്മീഷനും വ്യാപകമായിരുന്നുവെന്ന് എണ്ണ വകുപ്പ് മന്ത്രി ബിജാന്‍ സാംഗനി ആരോപിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂനിയനും കരിമ്പട്ടികയില്‍പ്പെടുത്തിയ വ്യക്തിയാണ് സഞ്ചാനി.
Next Story

RELATED STORIES

Share it