അഴിമതി ആരോപണങ്ങള്‍: നിജസ്ഥിതി തേടി രാഹുല്‍ഗാന്ധി

തിരുവനന്തപുരം: ചേരിപ്പോര് ഒഴിവാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ നിര്‍ദേശം. ബാര്‍കോഴ, സോളാര്‍ തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രാഹുല്‍ നേതാക്കളോട് ചോദിച്ചു.
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണോ ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ പാര്‍ട്ടിയില്‍ ആരെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്കുള്ള കാരണമെന്ത് തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ നേതാക്കളോട് ആരാഞ്ഞത്. മുതിര്‍ന്ന നേതാക്കളുമായും കെപിസിസിയിലെ ചില ഭാരവാഹികളുമായും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കൂടിക്കാഴ്ച നടത്തിയത്. നിലവിലെ ആരോപണങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു വികാരമുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
എന്നാല്‍, നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി നേതൃമാറ്റം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. നിലവിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടി. ഇന്നുരാവിലെ 10ന് ഇന്ദിരാഭവനില്‍ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. കെപിസിസി എക്‌സിക്യൂട്ടീവില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it