അഴിമതിവിരുദ്ധ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനു പുതിയ ഊര്‍ജം പകരാന്‍ സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്ത്. ഇതിന്റെ മുന്നോടിയായി രണ്ടുദിവസം നീളുന്ന അഴിമതിവിരുദ്ധ കണ്‍വന്‍ഷന് ഡല്‍ഹിയില്‍ തുടക്കമായി. പുതിയ പ്രക്ഷോഭത്തിന് അന്നാ ഹസാരെയുടെ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദുര്‍ബലമായ ലോകായുക്ത നിയമമാണു കൊണ്ടുവന്നതെന്നു ഭൂഷണും യാദവും കണ്‍വന്‍ഷനില്‍ ആരോപിച്ചു. അഴിമതിവിരുദ്ധ പോരാട്ടത്തിനായി 'സിറ്റിസണ്‍സ് വിസില്‍ ബ്ലോവേഴ്‌സ് ഫോറം' രൂപീകരിക്കും.
വിവരാവകാശപ്രവര്‍ത്തകര്‍, അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ തുടങ്ങിയവര്‍ പുതിയ പ്രസ്ഥാനത്തില്‍ അണിനിരക്കുമെന്നാണു പ്രതീക്ഷ- അവര്‍ പറഞ്ഞു. ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് സുതാര്യതയില്ലെന്ന് ഭൂഷണ്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി ലോകായുക്തയുടെ ബില്ലില്‍ വകുപ്പുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. വിവരാവകാശ നിയമം അട്ടിമറിക്കാനാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം. സിബിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാനും നിയമം ഭേദഗതി ചെയ്യാനുമാണ് നീക്കം. ഗുജറാത്തില്‍ നിരവധി വര്‍ഷം ലോകായുക്തയെ നിയമിച്ചില്ല.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനും പൊതുമേഖലാ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള പൊതു-സ്വകാര്യ പങ്കാളിത്തം അഴിമതിയുടെ പുതിയ വഴികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ള, മറ്റു പ്രമുഖ വിവരാവകാശപ്രവര്‍ത്തകര്‍, അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it