kozhikode local

അഴിമതിരഹിത ഓഫിസിനായി ഒന്നിച്ചുനില്‍ക്കണം: മന്ത്രി

നന്മണ്ട: പൊതുജനങ്ങള്‍ക്ക് ഓഫിസില്‍ നേരിട്ട് വരാതെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. അഴിമതിരഹിതമായി ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ വിഭാഗവും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നന്മണ്ട സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമത്തിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് നന്മണ്ടയില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഓഫിസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഇല്ലാതാവണം. സേവനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരുദിവസം ശരാശരി 12 പേര്‍ വാഹനാപകടം മൂലം മരണപ്പെടുന്നതായാണ് കണക്ക്. ഇത് ഇല്ലാതാവാന്‍ ശക്തമായ ബോധവല്‍കരണം ആവശ്യമാണ്. മല്‍സര ഓട്ടവും അമിതവേഗതയും അപകടം വിതയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്, കൊടുവള്ളി, ആര്‍ടി ഓഫിസുകള്‍ വിഭജിച്ചാണ് പുതിയ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചേളന്നൂര്‍ എക്—സൈസ് റേഞ്ച് ഓഫീസിനു മുകളിലത്തെ നിലയിലാണ് പുതിയ കെട്ടിടം.
ബാലുശ്ശേരി,ഉണ്ണികുളം, അത്തോളി, കാന്തലാട്ട്, ശിവപുരം, കിനാലൂര്‍, നരിക്കുനി, പനങ്ങാട്, ചേളന്നൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍, കക്കോടി എന്നീ വില്ലേജുകളാണ് കെഎല്‍-76 പരിധിയില്‍ വരിക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മണ്ട, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ സംഭാവനയായ 5 ലക്ഷം രൂപ വീതം മന്തിമാര്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ കൈമാറി. ചടങ്ങില്‍ ജോ.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് സ്വാഗതം പറഞ്ഞു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ.പി എം മുഹമ്മദ് നജീബ് റിപോര്‍ട്ട് അവതരിപ്പിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന, നന്മണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാംന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, മാമ്പറ്റ ശ്രീധരന്‍, ടി കെ രാജേന്ദ്രന്‍ മാസ്റ്റര്‍, വി എം കമലാക്ഷി, എം എം വേലായുധന്‍, ഷക്കീല ടീച്ചര്‍, ഇ ടി ബിനോയി, ടി ദേവദാസ്, എന്‍ പ്രേമരാജ്, പ്രകാശന്‍മാസ്റ്റര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it