അഴിമതിയെ വെള്ളപൂശി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസ് പരാതികളുടെ വിശദാംശം വെളിപ്പെടുത്തില്ല

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് അധികൃതര്‍. 2012 മുതല്‍ 2018 വരെ ലഭിച്ച പരാതികളെയും സ്വീകരിച്ച നടപടികളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അജയ് ദുബെയാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. പരാതികളുടെ പകര്‍പ്പും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പൊതുതാല്‍പര്യമൊന്നുമില്ലാത്ത സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറഞ്ഞത്.
2010ല്‍ ഐഎഎസ് ദമ്പതികളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 350 കോടിയുടെ വസ്തുവകകളും മൂന്നു കോടി രൂപയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ വകുപ്പുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ 2011ല്‍ ഉത്തരവിട്ടത്.
കേസില്‍ പ്രതികളായ അരവിന്ദ്, ടിനു ജോഷി എന്നീ ഐഎഎസ് ദമ്പതിമാരെ 2012ല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കപ്പെട്ട പരാതികളില്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ദുബെ ആരോപിച്ചു.
പരാതികളില്‍ നടപടി സ്വീകരിക്കാനും വിശദാംശങ്ങള്‍ വെളിപ്പെടുത്താനും എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അതോടൊപ്പം വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലെ വിവരാവകാശ ഓഫിസറുടെ തീരുമാനത്തിനെതിരേ അപ്പീലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it