Alappuzha local

അഴിമതിപ്പണം തിരിച്ചുപിടിച്ചിരുന്നെങ്കില്‍ മൂന്ന് പഞ്ചവല്‍സര പദ്ധതി നടപ്പാക്കാമായിരുന്നു: മന്ത്രി



ആലപ്പുഴ: അഴിമതി നടത്തിയവരില്‍നിന്ന് പണം തിരിച്ചുപിടിച്ചിരുന്നെങ്കില്‍ മൂന്നു പഞ്ചവത്സരപദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്ന്  മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പങ്കാളികളാകുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തനം കുടുംബശ്രീയിലൂടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലൂടെ ഉണ്ടാക്കിയ പണം തിരിച്ചുപിടിക്കാത്തതാണ് പ്രശ്‌നം. മൂന്നു പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കാനുള്ള പണം കാണുമത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് അഴിമതിയിലൂടെയാണ്. അഴിമതി സാമൂഹിക ദുരന്തമാണ്. അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ലമെന്റില്‍ നിന്നു തുടങ്ങണം. സംസ്ഥാനത്തിനു മാത്രമായി ചെയ്യാവുന്ന ഒന്നല്ല. അഴിമതി നല്ലകാര്യമാണെന്ന് വിശ്വസിക്കുന്ന വിഭാഗമുണ്ട്. അഴിമതി വിരുദ്ധ നടപടികളില്‍ കുടുംബശ്രീക്ക് വലിയപങ്ക് വഹിക്കാനാകും. കുടുംബശ്രീക്ക് ചുറ്റും ചില ചങ്ങലപ്പൂട്ടുകളുണ്ട്. അത് പൊട്ടിച്ചുകളയണം. അംഗത്വത്തില്‍ മാത്രം ഒതുങ്ങുന്ന പ്രവര്‍ത്തനമാകരുതെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി ജെ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it