അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന്; ഉമ്മന്‍ചാണ്ടിക്ക് വിഎസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടിയോട് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കെതിരേ 31 കേസുകള്‍ നിലവിലുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചും കൂടുതല്‍ തെളിവുകള്‍ നിരത്തിയും ഫേസ്ബുക്ക് പോസ്റ്റിലാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്.
ടൈറ്റാനിയം കേസ് ഓര്‍മയില്ലേയെന്ന് വിഎസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇതുവരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. വിജിലന്‍സിനെ നിങ്ങള്‍ കക്ഷത്തിലടക്കിവച്ചാല്‍ എങ്ങനെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രണ്ട് കേസുകളില്‍ എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവായില്ലേ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഒരു കേസില്‍ താങ്കള്‍ക്കെതിരേ കടുത്ത പരാമര്‍ശം വന്നില്ലേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പാറ്റൂര്‍ ഫഌറ്റ് കുംഭകോണത്തില്‍ താങ്കളെ ഒന്നാംപ്രതിയാക്കി ഞാന്‍ കേസ് കൊടുത്തിട്ടില്ലേ.
ബംഗളൂരു കോടതിയില്‍ താങ്കള്‍ക്കെതിരേ 1.60 കോടി രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേ. സോളാര്‍ സരിതയും നിങ്ങളുംകൂടി പറ്റിച്ച കുരുവിള കൊടുത്ത കേസാണിത്. രണ്ട് സമന്‍സ് കിട്ടിയെങ്കിലും ഹാജരായില്ല. ഇതില്‍ താങ്കള്‍ എക്‌സ്പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രിയെ വിഎസ് ഓര്‍മിപ്പിക്കുന്നു. നാമനിര്‍ദേശപത്രിക നല്‍കുന്നതിന് ഒരു ദിവസം മുമ്പ് അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി സമസ്താപരാധവും ഏറ്റുപറഞ്ഞില്ലേയെന്നാണ് വിഎസിന്റെ അടുത്ത ചോദ്യം.താനിതൊന്നും വിളിച്ചുപറയണമെന്ന് വിചാരിച്ചതല്ലെന്നും പക്ഷേ, താങ്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ അവരെ സത്യം ബോധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും പറഞ്ഞാണ് വിഎസ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it