അഴിമതിക്കേസ്: ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള ഉത്തരവിനു പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന സിഐടിയുക്കാരനായ ഉേദ്യാഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സഹകരണമന്ത്രി എ സി മൊയ്തീന്‍. ചീഫ് മാനേജറായിരുന്ന ആര്‍ ജയകുമാറിനെ തിരിച്ചെടുക്കാനാണ് ഉത്തരവിറങ്ങിയത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഗൗരവമായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണിത്. എല്‍ഡിഎഫും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന പ്രചാരണം സൃഷ്ടിക്കുകയായിരുന്നു ഉത്തരവിനു പിന്നിലെ ലക്ഷ്യമെന്നും മൊയ്തീന്‍ പറഞ്ഞു. നാലു കേസുകളില്‍ അന്വേഷണം നേരിടുന്ന ജയകുമാറിനെ തിരിച്ചെടുത്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി ഇടപെട്ട് ഉത്തരവ് റദ്ദാക്കിയിരുന്നു. മദ്യം കൂടുതല്‍ വിറ്റ് വരുമാനം വര്‍ധിപ്പിക്കില്ലെന്നും വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉേദ്യാഗസ്ഥതലത്തില്‍ അടിമുടി മാറ്റം വരുത്തും. വിദഗ്ധരായ ഉദ്യോഗസ്ഥരെ തലപ്പത്ത് നിയോഗിക്കും. ജയകുമാര്‍ മാത്രമല്ല, അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ല. ലാഭകരമല്ലാത്ത വിതരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടും. ദിവസവേതനാടിസ്ഥാനത്തിലുള്ള മുഴുവന്‍ ജീവനക്കാരെയും താങ്ങിക്കൊണ്ടുപോവാന്‍ കഴിയില്ല. പൂട്ടിയ വിദേശമദ്യഷോപ്പുകളുടെ സ്ഥാനത്ത് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കില്ലെന്നും മൊയ്തീന്‍ പറഞ്ഞു.
അതേസമയം, ജയകുമാറിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ മന്ത്രിയുടെ നിലപാടിനെ കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎ ന്‍ടിയുസി) അഭിനന്ദിച്ചു. ജയകുമാറിനെ തിരിച്ചെടുക്കാനുള്ള സിപിഎം-സിഐടിയു അണിയറനീക്കം തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it