Flash News

അഴിമതിക്കേസില്‍ തുടരന്വേഷണം ഉടന്‍



തിരുവനന്തപുരം: സോളാര്‍ റിപോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ചുമതല നല്‍കി. അഴിമതിയിലും ലൈംഗിക ആരോപണത്തിലും പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. പീഡനക്കേസ് നിലനില്‍ക്കില്ലെന്നുള്ള നിയമോപദേശം ഉള്ളതിനാല്‍ അഴിമതിക്കേസ് വിജിലന്‍സിന് കൈമാറിയാണ് പ്രധാന അന്വേഷണം നടത്തുക. കേസിലെ പീഡന പരാതിയില്‍ നേരിട്ടു കേസെടുക്കേണ്ടെന്നും പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. അന്വേഷണം കോടതി കയറുമെന്ന് ഉറപ്പായ സ്ഥിതിക്ക് കേസുമായി മുന്നോട്ടുപോവുന്നതില്‍ അന്വേഷണസംഘം ജാഗ്രത പുലര്‍ത്തും. ഇതിനകംതന്നെ കേസിന്റെ മുന്നോട്ടുപോക്കില്‍ നിയമവിദഗ്ധരടക്കമുള്ളവരുമായി കൂടിയാലോചന നടത്താന്‍ സംഘം തീരുമാനിച്ചുകഴിഞ്ഞു. സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ആധികാരിക രേഖയാക്കാന്‍ കഴിയാത്തതും അന്വേഷണസംഘത്തിന് കല്ലുകടിയാവും. റിപോര്‍ട്ട് അനുബന്ധമാക്കിയേ ആരോപണത്തി ല്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോവാന്‍ കഴിയൂ. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മൊഴിയെടുപ്പ്, സോളാര്‍ വിഷയത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണ ഫയലുകളില്‍ വ്യക്തത, സരിത സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കല്‍ എന്നിവയിലും നിയമോപദേശം തേടിയതിനു ശേഷം മാത്രമാവും അന്വേഷണ സംഘത്തിന്റെ നടപടി. തുടരന്വേഷണത്തിന് ഉത്തരവിറങ്ങിയതോടെ അന്വേഷണസംഘ തലവന്‍ രാജേഷ് ദിവാന്‍ ബന്ധപ്പെട്ട ഉന്നതപോലിസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവന്‍, വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, ഡിവൈഎസ്പി എ ഷാനവാസ്, ഡിവൈഎസ്പി ബി രാധാകൃഷ്ണപിള്ള എന്നിവരും അ ന്വേഷണസംഘത്തിലുണ്ട്.സോളാര്‍ കമ്മീഷന്‍ റിപോ ര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്ത സരിതയുടെ കത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട നേതാക്കള്‍ക്കെതിരേ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ല. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ ലഭ്യമായാല്‍ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ. കമ്മീഷന്‍ റിപോര്‍ട്ടിന്റെ ആക്ഷന്‍ ടേക്കണ്‍ റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സരിതയുടെ 19-07-13ലെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ അന്വേഷണം നടത്തേണ്ടതാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം, സരിതയ്ക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയത്തക്കവിധം സഹായിച്ചിട്ടുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും ബന്ധപ്പെട്ടവര്‍ക്കെതിരെയും വിജിലന്‍സ് കേസെടുക്കും.
Next Story

RELATED STORIES

Share it