Flash News

അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കും : മുഖ്യമന്ത്രി



തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാര്‍ നിലപാട് മാധ്യമങ്ങളും പൊതുവേ അംഗീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പത്ര-ദൃശ്യമാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങള്‍ പൊതുവേ ക്രിയാത്മകമായാണ്  പ്രതികരിച്ചത്.  വിമര്‍ശിച്ചവര്‍ തന്നെ പല പ്രശ്‌നങ്ങളിലും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി മാനിച്ചു പിന്തുണച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന നദികള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോള്‍ അതിനു വേണ്ടി പ്രത്യേക ബോര്‍ഡ് രൂപീകരിക്കേണ്ടിവരും. കേരളത്തിലെ ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ വികസനം ലക്ഷ്യംവച്ച് മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. വ്യവസായങ്ങള്‍ക്കുള്ള അനുമതി വേഗം ലഭ്യമാക്കുന്നതിനുള്ള ഏകജാലകം ഫലപ്രദമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വ്യവസായ നയത്തില്‍ അക്കാര്യവും പ്രഖ്യാപിക്കും. കേരള ബാങ്ക് വരുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ കൂടുതല്‍ ശക്തമാവും. കേരള ഹയര്‍സെക്കന്‍ഡറി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നീട്ടണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവുനായ ശല്യം, ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇ-ഗവേണന്‍സ്, സ്വകാര്യ നിക്ഷേപം, നവമാധ്യമങ്ങളെ സര്‍ക്കാരിന്റെ ആശയവിനിമയത്തിന് ഉപയോഗിക്കല്‍, മാധ്യമങ്ങളുമായുള്ള സര്‍ക്കാരിന്റെ ആശയവിനിമയം, കന്നുകാലി കശാപ്പ് നിരോധനം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ വന്നു. അവയെല്ലാം ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ സമിതികളെല്ലാം താമസിയാതെ പുനസ്സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it