kozhikode local

അഴിത്തല ഫിഷ് ലാന്റ് സെന്റര്‍: പ്രവൃത്തി അധികൃതര്‍ തടഞ്ഞു

വടകര: ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ സ്വപ്‌നസാക്ഷാല്‍ക്കാരമായ അഴിത്തല ഫിഷ്് ലാന്റ് സെന്ററിനായുള്ള കാത്തിരിപ്പ് നീളുന്നു. മല്‍സ്യബന്ധനത്തിന് കടല്‍ഭിത്തി കാരണം സുഖമമായി നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് 15 വര്‍ഷം മുമ്പ് അഴിത്തല സാന്റ്ബാങ്ക്‌സിന് കിഴക്കു ഭാഗത്തുള്ള 50 സെന്റ് ഭൂമി ഫിഷ്് ലാന്റ് സെന്ററാക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. എന്നാല്‍ സ്ഥലം വാങ്ങാനായി നഗരസഭ തുക നല്‍കിയെങ്കിലും പരിമിതമായതിനാല്‍ മല്‍സ്യത്തൊഴിലാളികളും കൂടി പിരിച്ചെടുത്ത പണം ഉപയോഗിച്ചായിരന്നു സ്ഥലം പദ്ധതിക്കായി കൈവശപ്പെടുത്തിയത്. ഇതിന് ശേഷം ചുറ്റുമതില്‍ നിര്‍മിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നില്ല.
ശേഷം  2005 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഒരു പ്രവൃത്തിയും അധികൃതര്‍ നടത്താന്‍ തയ്യാറായില്ല. ഈ കാലയളവിലെല്ലാം തന്നെ നഗരസഭയുടെ എല്ലാ ബജറ്റിലും പദ്ധതിയുടെ പ്രവൃത്തിക്കായി 5 ലക്ഷം വകയിരുത്തിയിരുന്നു. ഈ വകരയിരുത്തിയ തുക ഉപയോഗിക്കാന്‍ പോലും കൗണ്‍സിലറും അധികൃതരും തയ്യാറാവാത്ത സാഹചര്യംത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ തന്നെ മുന്‍കൈയെടുത്ത് ഫണ്ട് സ്വരൂപിക്കുകയും നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലുകള്‍ കൊണ്ട് ബണ്ട് നിര്‍മിച്ച് താല്‍ക്കാലിക മല്‍സ്യബന്ധനം നടത്തി. കൂടാതെ മണ്ണടിച്ച് സ്ഥലം ഉയര്‍ത്തുകയും ചെയ്തു. 3 ലക്ഷമാണ് മല്‍സ്യത്തൊഴിലാളികള്‍ പിരിച്ചെടുത്തത്. ഏകദേശം 3.5 ലക്ഷം  പ്രവൃത്തികള്‍ക്കായി ചെലവായെന്നും അമ്പതിനായിരം കടത്തിലാണെന്നും തൊഴിലാളികള്‍ പറയുന്നു.
തുടര്‍ന്നുള്ള പ്രവൃത്തികള്‍ ചെയ്ത് സെന്റര്‍ പൂര്‍ത്തീകരിക്കാനുള്ള സമയത്താണ് നഗരസഭ ഇടപെട്ട് പ്രവൃത്തി നിര്‍ത്തിവപ്പിച്ചത്. ഇക്കാരണത്താല്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഒഴിഞ്ഞു. മറ്റുള്ള നിര്‍മാണ പ്രവൃത്തികളും നടത്തി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു നഗരസഭയുടെ നടപടി വന്നത്. ഇത് മല്‍സ്യത്തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായി. പിന്നീട് പ്രദേശത്തെ വിവിധ പാര്‍ട്ടി നേതാക്കളും തൊഴിലാളി സംഘടനനേതാക്കളും നഗരസഭ ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത് പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും  നിര്‍മാണ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം 5 ലക്ഷം ചെലവില്‍ മല്‍സ്യബന്ധനത്തിനുള്ള ബോട്ടുകള്‍ തീരത്തേക്ക് അടുക്കാനുള്ള പ്ലാറ്റ് ഫോമിന്റെ നിര്‍മാണമാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയത്. എന്നാല്‍ രണ്ട് ഘട്ടമായുള്ള പ്രവൃത്തി മാത്രമായി വീണ്ടും ഒതുങ്ങിപ്പോവുകയാണ് ചെയ്തത്.
നിര്‍ദ്ദിഷ്ട പദ്ധതിക്കായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ 1.70 കോടി  അനുവദിച്ചു. തുടര്‍ന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിലും ഇതേ തുക റീവൈസ് ചെയ്ത് അനുവദിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ബജറ്റില്‍ പദ്ധതിയെ കുറിച്ചുള്ള ഒരു പരാമര്‍ശവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല. ഇത് സംബന്ധിച്ച് പ്രദേശത്തെ തൊഴിലാളി സംഘടന നേതാക്കള്‍ വിവരാവകാശ കമ്മീഷന്‍ മുഖേന പദ്ധതിക്ക് അനുവദിച്ച ഫണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഫിഷ് ലാന്റ് സെന്ററുകള്‍ ഉണ്ടെന്നും വീണ്ടും ഇത്തരമൊരു സെന്ററിന്റെ ആവശ്യമെന്താണെന്നതിനെ കുറിച്ച് ഫിഷറീസ് ഡയറക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്. മാത്രമല്ല യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്, പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിനും ടെക്‌നിക്കല്‍ അനുമതി വാങ്ങാന്‍ പോലും സ്ഥലം എംഎല്‍എ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. നിലവില്‍ വിവരാവകാശ പ്രകാരം ലഭിച്ച മറുപടിക്കും സ്ഥലം എംഎല്‍എയുടെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.
ചോമ്പാല്‍ ഹാര്‍ബര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മല്‍സ്യബന്ധനം നടത്തുന്ന പ്രദേശമാണ് താഴെഅങ്ങാടി. എന്നാല്‍ ഇവിടെ വള്ളം അടുപ്പിക്കാനും മല്‍സ്യ കച്ചവടം നടത്താനും പ്രത്യേക സ്ഥലമില്ലെന്നതാണ് പ്രധാനം പ്രശ്‌നം. ഈ ആവശ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികള്‍ വര്‍ഷങ്ങളായി സെന്റര്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് തൊഴിലാളികള്‍ തന്നെ രംഗത്ത് വന്നപ്പോള്‍ അധികൃതരുടെ ഇടപെടല്‍ മൂലമാണ് പ്രവൃത്തി നിലച്ചത്. തുടര്‍ന്ന് നടത്തിയ പ്രവൃത്തിയും നിലവില്‍ നിലച്ചിരിക്കുകയാണ്. താലല്‍ക്കാലികമായുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ മല്‍സ്യബന്ധനം നടത്തുന്നത്. മല്‍സ്യത്തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ഈ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് ഇനിയുമെങ്കിലും അധകൃതര്‍ കരുണ കാണിക്കണമെന്നും അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it