അഴിച്ചു പണി; ആസാദും കമല്‍നാഥും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദിനെയും കമല്‍നാഥിനെയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ആസാദിന് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി. കമല്‍നാഥിന് പഞ്ചാബിലും ഹരിയാനയിലും പാര്‍ട്ടിയുടെ ചുമതല നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു. യുപിയിലും പഞ്ചാബിലും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കിയത്. ആസാദ് ഇതിനുമുമ്പ് രണ്ടു തവണ യുപിയില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിട്ടുണ്ട്. 67കാരനായ ആസാദ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയാണ്.
69കാരനായ കമല്‍നാഥ് നിലവില്‍ ലോക്‌സഭാ എംപിയാണ്. ഇദ്ദേഹം നേരത്തെ ജനറല്‍ സെക്രട്ടറിയായിട്ടുണ്ട്. ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് ഇതുവരെ മധുസൂദന്‍ മിസ്ട്രി ആയിരുന്നു. ഇനി അദ്ദേഹം പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കും. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളുടെ പാര്‍ട്ടിച്ചുമതലയില്‍ നിന്ന് ഷക്കീല്‍ അഹ്മദിനെ ഒഴിവാക്കി.
മണ്ഡല്‍-മന്ദിര്‍ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവവും ബിഎസ്പി- ദലിത് വോട്ടുകള്‍ ഏകീകരിച്ചതും മൂലം 1989 മുതല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസ്സിനു ലഭിച്ചത്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മാത്രമായിരുന്നു യുപിയില്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍.
ഒമ്പതു വര്‍ഷത്തോളമായി പ്രതിപക്ഷത്തുള്ള പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളികള്‍ ഏറെയാണ്. എസ്എഡി-ബിജെപി കൂട്ടുകെട്ടില്‍ നിന്ന് ഭരണം പിടിച്ചുവാങ്ങാനിറങ്ങിയ കോണ്‍ഗ്രസ്സിന് ഇത്തവണ ആം ആദ്മി പാര്‍ട്ടിയും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നാലു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ അഴിച്ചുപണിക്കു പ്രേരകമായത്.
Next Story

RELATED STORIES

Share it