അഴിക്കുന്തോറും അഴിയാക്കുരുക്ക്; സിപിഎമ്മിനെ വിടാതെ ഫസല്‍ വധം

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കുടിലതന്ത്രങ്ങളെ കൂട്ടുപിടിക്കുമ്പോഴും അഴിയാക്കുരുക്കായി ഫസല്‍ വധക്കേസ് സിപിഎമ്മിനെ വേട്ടയാടുന്നു. കൊലപാതകം നടന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവാറായിട്ടും ഇത്രയും കോളിളക്കമുണ്ടാക്കിയ മറ്റൊരു കേസ് കണ്ണൂരിന്റെ രാഷ്ട്രീയകൊലപാതക ചരിത്രത്തില്‍ ഇല്ലെന്നതും മറ്റൊരു ചരിത്രം. ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജന് ഒടുവില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംതന്നെ രാജിവയ്‌ക്കേണ്ടി വന്നത് സിപിഎമ്മിനു കനത്ത ആഘാതമായി.
കൊലപാതകം നടത്തി ആര്‍എസ്എസ്സിന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമിച്ചതു മുതല്‍ തുടങ്ങിയ സിപിഎമ്മിന്റെ കുടിലതന്ത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നീതിപീഠത്തില്‍നിന്നു തിരിച്ചടികള്‍ മാത്രമാണുണ്ടായത്. ഒടുവില്‍ നീതിപീഠത്തെയും വെല്ലുവിളിച്ച് സിപിഎം കണ്ണൂര്‍ ലോബി കാരായിമാരെ തങ്ങളുടെ ശക്തി കേന്ദ്രത്തില്‍നിന്നു മല്‍സരിപ്പിച്ച് അതിനെ ജനകീയ കോടതിയുടെ വിധിയെന്ന് വ്യാഖ്യാനിച്ചെങ്കിലും നീതിപീഠം കനിഞ്ഞില്ല.
2006 ഒക്‌ടോബര്‍ 22 റമദാന്‍ മാസത്തിലെ അവസാന നോമ്പ് ദിവസം പുലര്‍ച്ചെയാണ് തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രം ഏജന്റുമായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ പോലിസ് അന്വേഷണവും ആര്‍എസ്എസ്സിനെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും അന്വേഷണം പിന്നീട് സിപിഎം പ്രവര്‍ത്തകരിലേക്കു നീളുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടി മുന്നില്‍ക്കണ്ട സിപിഎം, പക്ഷേ ഇതിനെ നേരിട്ടത് ഭരണത്തിന്റെ പിന്‍ബലത്തോടെയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
അന്നു തലശ്ശേരി സിഐ ആയിരുന്ന പി സുകുമാരനില്‍നിന്നു പിറ്റേന്നുതന്നെ ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണന് കൈമാറി. ഇദ്ദേഹമാണ് സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തിയത്. രണ്ടു ദിവസത്തിനകം 25 സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ അപകടം മണത്ത നേതൃത്വം അദ്ദേഹത്തെയും മാറ്റി. ഒക്‌ടോബര്‍ 30നു അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇതിനിടെ, നാടകീയ രംഗങ്ങള്‍ അരങ്ങേറിയതോടെയാണ് കൊലപാതകത്തിനു പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിനു പങ്കുണ്ടെന്നു വെളിപ്പെട്ടുതുടങ്ങിയത്.
ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണനെ തളിപ്പറമ്പില്‍ വച്ച് സിപിഎം പ്രവര്‍ത്തകരടങ്ങുന്ന സംഘം അനാശാസ്യം ആരോപിച്ച് മര്‍ദ്ദിച്ചവശനാക്കിയതു കേസിന്റെ പ്രതികാരമാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഇതോടെയാണ് ഫസലിന്റെ ഭാര്യ സി എച്ച് മറിയു എന്‍ഡിഎഫിന്റെ പിന്തുണയോടെ സിബിഐ അന്വേഷണത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
2007 ഫെബ്രുവരി 4നാണ് ആദ്യമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സകല പ്രതിരോധങ്ങളും തകര്‍ന്നതോടെ 2007 ഒക്‌ടോബറില്‍ ക്രൈംബ്രാഞ്ച് എസ്പി ടി കെ രാജ്‌മോഹനന്‍ സിപിഎം പ്രവര്‍ത്തകനും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ കൊടി സുനി ഉള്‍പ്പെടെ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് അറസ്‌റ്റെന്നതും ശ്രദ്ധേയമായിരുന്നു. കോടിയേരിക്കാര്‍ അറസ്റ്റിലായതില്‍ പ്രതിഷേധിച്ചു കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുമ്പില്‍ അന്ന് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം തടയാനുള്ള ശ്രമമാണിതെന്നു മനസ്സിലാക്കിയ ഫസലിന്റെ ഭാര്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഒടുവില്‍ 2008 ഫെബ്രുവരി 14ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മറിയു വീണ്ടും ഹൈക്കോടതിയിലെത്തിയതിനെത്തുടര്‍ന്ന് കേസ് സിബിഐക്കു വിട്ടുകൊണ്ടു സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചു. 2010 ജൂലൈ 6നു സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയെങ്കിലും അന്വേഷണം കോടതി ശരിവച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ രണ്ടു ഘട്ടങ്ങളിലായി മൂന്നുപേര്‍ കൂടി അറസ്റ്റിലായി. തുടര്‍ന്നാണ് അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും നീങ്ങിയത്. ഇരുവരെയും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായ പി ശശിയെയും ചോദ്യംചെയ്യുകയും ചെയ്തു. 2012 ജൂണ്‍ 12 സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ വര്‍ഗീയ കലാപത്തിനു സിപിഎം പദ്ധതിയിട്ടെന്നായിരുന്നു റിപോര്‍ട്ടിലെ പ്രധാന വിവരം. ഫസലിന്റെ രക്തം പുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ ഇട്ടതും അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതും നേതാക്കളുടെ തിരക്കഥയനുസരിച്ചാണെന്നു സിബിഐ കണ്ടെത്തി. ഗത്യന്തരമില്ലാതെ 2012 ജൂണ്‍ 22നാണ് എറണാകുളം സിജെഎം കോടതിയില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങിയത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസാണ് ഫസല്‍ വധക്കേസ്. അന്നുമുതലിങ്ങോട്ട് അടവുകള്‍ പലതും പയറ്റി, തങ്ങളല്ല ഫസല്‍ വധത്തിനു പിന്നിലെന്ന് സിപിഎം അലമുറയിട്ടെങ്കിലും തെളിവുകളെല്ലാം തിരിച്ചടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it