അഴകിരി കരുണാനിധിയെ കണ്ടു; സജീവരാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്ന് സൂചന

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എം കെ അഴകിരി പിതാവും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുമായി ചര്‍ച്ച നടത്തി. 2014ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഡിഎംകെയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം അച്ഛനെ കണ്ടത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 16ന് നടക്കാനിരിക്കെയുള്ള കൂടിക്കാഴ്ച അഴകിരി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനയാണെന്നാണ് റിപോര്‍ട്ടുകള്‍. മധുരയില്‍ വന്‍ സ്വാധീനമുള്ള അഴകിരിയെ ഉടന്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്നും വാര്‍ത്തയുണ്ട്. അതേസമയം, കരുണാനിധിയുടെ മറ്റൊരു മകനും ഡിഎംകെ ഖജാഞ്ചിയുമായ എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ചയില്‍ പുതുമയില്ലെന്നാണ് പ്രതികരിച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഴകിരിയുടെ മകന്‍ ദയാനിധിയും ഇക്കാര്യം ആവര്‍ത്തിച്ചു. കരുണാനിധിയുടെ ഗോപാലപുരം വസതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഴകിരി നിരവധി തവണ പോയിട്ടുണ്ടെങ്കിലും അച്ഛനുമായി കണ്ടിരുന്നില്ല. അമ്മ ദയാലു അമ്മാളിനെ കണ്ട് തിരിച്ചുപോരുകയായിരുന്നു. കരുണാനിധിയുടെ രണ്ടാം ഭാര്യയാണ് ദയാലു അമ്മാള്‍. എന്നാല്‍, കരുണാനിധിയുമായി അഴകിരി കൂടിക്കാഴ്ച നടത്തിയത് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണെന്ന റിപോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളിയില്ല. അഴകിരിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി യുക്തമായ തീരുമാനമെടുക്കുമെന്ന് ഡിഎംകെ വക്താവ് ടി കെഎസ് ഇളങ്കോവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴകിരികൂടി ഡിഎംകെയിലേക്കെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തുന്നവരുണ്ട്.കരുണാനിധിയുടെ പിന്‍ഗാമിയായി സ്റ്റാലിന്‍ ഉയര്‍ന്നുവന്നതും തുടര്‍ തര്‍ക്കങ്ങളുമാണ് അഴകിരിയുടെ പുറത്താവലിലേക്കെത്തിച്ചത്. സ്റ്റാലിനെ പുകഴ്ത്തി സണ്‍ ടിവി ഗ്രൂപ്പിന്റെ ഭാഗമായ ദിനകരന്‍ പത്രം വാര്‍ത്തകളും ലേഖനങ്ങളും നല്‍കിയതില്‍ പ്രതിഷേധിച്ച് മധുരയിലെ പത്ര ഓഫിസ് അഴകിരിയുടെ അനുയായികള്‍ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കരുണാനിധിയുടെ ബന്ധു കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് പത്രം.
Next Story

RELATED STORIES

Share it