Flash News

അല്‍ നൂരി മസ്ജിദ് ഐഎസ് തകര്‍ത്തതായി ഇറാഖ് സേന



ബഗ്ദാദ്: മൗസിലിലെ ഗ്രാന്റ് അല്‍ നൂരി മസ്ജിദ് ഐഎസ്് ആക്രമണത്തില്‍ തകര്‍ന്നതായി ഇറാഖ് സേന. പള്ളിക്കു സമീപമുള്ള അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. 2014 ജൂണില്‍ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം ഖലീഫയായി അവരോധിച്ചു പ്രഖ്യാപനം നടത്തിയത് അല്‍ നൂരി മസ്ജിദില്‍ വച്ചായിരുന്നു. ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള ഇറാഖ് സേനാ നീക്കം തുടരുന്നതിനിടെയാണ് ആക്രമണം. അല്‍ നൂരി മസ്ജിദും അല്‍ ഹദ്ബ മിനാരവും തകര്‍ത്തതിലൂടെ ഐഎസ് പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അഭിപ്രായപ്പെട്ടു. അതേസമയം, യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐഎസ് പ്രതികരിച്ചു. ഐഎസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയായിരുന്നു പ്രതികരണം. എന്നാല്‍, ഐഎസിന്റെ വാദം യുഎസ്് സഖ്യസേന നിഷേധിച്ചു. അല്‍ നൂരി മസ്ജിദ് ഉള്‍പ്പെടുന്ന മേഖലയില്‍ തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് വ്യോമസേനാ വക്താവ് കേണല്‍ ജോണ്‍ ഡോറിയനന്‍ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐഎസിനു തന്നെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്ന് യുഎസ് സേനാ കമാന്‍ഡറായ മേജര്‍ ജനറല്‍ ജോസഫ് മാര്‍ട്ടിന്‍ പ്രതികരിച്ചു. ഇറാഖിനെ പിന്തുണയ്ക്കുന്ന സഖ്യസേന മസ്ജിദിന് 50 മീറ്റര്‍ അടുത്തുവരെ എത്തിയിരുന്നതായും തുടര്‍ന്ന് പരാജയം മുന്നില്‍ക്കണ്ടാണ് ഐഎസ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. 800 വര്‍ഷത്തിലേറെ പഴക്കമുള്ള അല്‍ നൂരി പള്ളി മൗസിലിന്റെ അടയാളമായാണു കരുതപ്പെടുന്നത്. 1172ല്‍ നിര്‍മിക്കപ്പെട്ട ഹദ്ബ ഇറാഖിന്റെ “പിസ ഗോപുരം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2014ലെ പ്രഖ്യാപനശേഷം ഹദ്ബയില്‍ ബഗ്ദാദി ഐഎസിന്റെ കറുത്ത പതാക സ്ഥാപിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മസ്ജിദും മിനാരവും തകര്‍ന്നതിന്റെ ആകാശദൃശ്യങ്ങള്‍ ഇറാഖ് സേനയുടെ മാധ്യമവിഭാഗം പുറത്തുവിട്ടു. മിനാരം തകര്‍ന്നടിയുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മൗസില്‍ ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിനായി ഇറാഖ് സൈനിക നീക്കം ആരംഭിച്ചത്. നഗരത്തിന്റെ കിഴക്കന്‍മേഖലയില്‍ ഇറാഖ് പൂര്‍ണ നിയന്ത്രണം നേടിയിരുന്നു. പടിഞ്ഞാറന്‍ മൗസിലില്‍ അല്‍ നൂരി മസ്ജിദ് ഉള്‍ക്കൊള്ളുന്ന പഴയ നഗരപ്രദേശങ്ങള്‍ ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള നീക്കമാണ് ഇറാഖ് സേന ഏതാനും ആഴ്ചകളായി തുടര്‍ന്നുകൊണ്ടിരുന്നത്. നഗരത്തിലെ സംഘര്‍ഷമേഖലകളില്‍ ഒരുലക്ഷത്തോളം സിവിലിയന്‍മാര്‍ അകപ്പെട്ടതായാണ് യുഎന്‍ പുറത്തുവിട്ട കണക്കുകള്‍.
Next Story

RELATED STORIES

Share it