Flash News

അല്‍ ഖരിയത്തേന്‍ പട്ടണം ഐഎസ് പിടിച്ചടക്കി



ബെയ്‌റൂത്ത്: സിറിയയിലെ ഹുംസ് പ്രവിശ്യയിലെ അല്‍ ഖരിയത്തേന്‍ പട്ടണം ഐഎസ് വീണ്ടും പിടിച്ചടക്കിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ആറുമാസം മുമ്പ് ഐഎസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ച പ്രദേശമാണിത്. കിഴക്കന്‍ സിറിയയില്‍ ഐഎസ് സമ്മര്‍ദത്തില്‍ തുടരുന്നതിനിടെയാണ് അല്‍ ഖരിയത്തേന്‍ പിടിച്ചടക്കുന്നത്. സിറിയന്‍ സേന ഐഎസിനെതിരായ നീക്കം തുടരുന്ന ദെയറുസൂര്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയുള്ള പട്ടണത്തിന്റെ നിയന്ത്രണമാണ് ഐഎസ് ഇപ്പോള്‍ നേടിയിരിക്കുന്നത്. അതേസമയം, ഐഎസിന്റെ നീക്കം സംബന്ധിച്ച് സിറിയന്‍സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. രഹസ്യമായി പ്രവേശിച്ച ഐഎസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെയാണ് വീണ്ടും പ്രദേശം പിടിച്ചടക്കിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ സേനയുടെയും യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരുടെയും സൈനിക നീക്കത്തെത്തുടര്‍ന്ന് ഐഎസ് തിരിച്ചടികള്‍ നേരിട്ടിരുന്നു. സിറിയയിലെ ഭൂപ്രദേശങ്ങളുടെ നിയന്ത്രണവും വലിയതോതില്‍ സായുധസംഘടനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ ദെയറുസൂറില്‍ സിറിയന്‍ സേനക്കു പുറമെ യുഎസ് അനുകൂല വിമതരും സൈനികനീക്കം തുടരുന്നുണ്ട്. ഐഎസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 10 ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല അനുകൂല വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലബ്‌നാനിലെ ബെഖ പ്രവിശ്യയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. കാര്‍ ബോംബുകളുപയോഗിച്ചും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ധരിച്ചവരുമാണ് ആക്രമണം നടത്തിയത്. ഐഎസിനെതിരേ സിറിയന്‍ സൈന്യവും ഹിസ്ബുല്ല വിഭാഗവും സംയുക്തമായി പ്രത്യാക്രമണം ആരംഭിച്ചതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it