Sports

അല്‍ബേനിയക്ക് ചരിത്ര വിജയം; റുമാനിയ പുറത്ത്

അല്‍ബേനിയക്ക് ചരിത്ര വിജയം;  റുമാനിയ പുറത്ത്
X
Sadiku's-goal-sparked-wild-

ലിയോണ്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ അല്‍ബേനിയക്ക് ചരിത്ര വിജയം. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ റുമാനിയയെയാണ് അല്‍ബേനിയ അട്ടിമറിച്ചത്. മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അല്‍ബേനിയയുടെ ജയം.
43ാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദിക്കുവാണ് അല്‍ബേനിയയുടെ വിജയഗോള്‍ നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി യോഗ്യത നേടിയ അല്‍ബേനിയയുടെ ടൂര്‍ണമെന്റിലെ കന്നി വിജയം കൂടിയാണിത്.
ജയത്തോടെ അല്‍ബേനിയ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ റുമാനിയ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് അല്‍ബേനിയ. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് അല്‍ബേനിയയുടെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് റുമാനിയക്ക് നേടാനായത്.
മല്‍സരത്തില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം നേടിയ റുമാനിയക്കു മേല്‍ അല്‍ബേനിയ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവയ്ക്കുകയായിരുന്നു. കളിയുടെ 10ാം മിനിറ്റില്‍ നികോള ക്ലൗഡിയു സ്റ്റാന്‍സിയുവിലൂടെ റുമാനിയയാണ് ആദ്യ ഗോള്‍ ശ്രമം നടത്തിയത്. എന്നാല്‍, താരത്തിന്റെ ഹെഡ്ഡര്‍ അല്‍ബേനിയന്‍ ഗോള്‍കീപ്പര്‍ എട്രിറ്റ് ബെറിഷ കൈയിലൊതുക്കുകയായിരുന്നു.
അതേസമയം, മല്‍സരത്തിലെ രണ്ടാം ഗോള്‍ ശ്രമത്തില്‍ തന്നെ അല്‍ബേനിയ ലക്ഷ്യംകണ്ടു. ലെഡിയന്‍ മെമുസാജിന്റെ മനോഹരമായ ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ സാദിക്കു ഗോളാക്കി മാറ്റുകയായിരുന്നു.
77ാം മിനിറ്റില്‍ സമനില ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും റുമാനിയന്‍ താരം ഫ്‌ളോറിന്‍ അന്‍ഡോണയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it