Flash News

അല്‍ജസീറ ഡോക്യുമെന്ററി മേളയ്ക്ക് തുടക്കം

അല്‍ജസീറ ഡോക്യുമെന്ററി മേളയ്ക്ക് തുടക്കം
X
AL-JAZEERAദോഹ: 11ാമത് അല്‍ജസീറ ഡോക്യുമെന്ററി ചലചിത്ര മേളയ്ക്ക് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് ശേഷം നെതര്‍ലന്റ്‌സില്‍ നിന്നുള്ള അന്റോണിയസ് ക്രായ്‌ജെന്‍ വാന്‍ഗറിന്റെ ഡിവൈഡഡ് ബൈ ഗോഡ് പ്രദര്‍ശിപ്പിച്ചു. സുനാകാലി-ടീനേജ് ഗേള്‍സ് ജേണി ടു ഗ്ലോറിയാണ് മല്‍സര ചിത്രങ്ങളില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
നീപ്പാളില്‍ ചിത്രീകരിച്ച സുനാക്കാലി ഒരു വനിതാ ഫുട്‌ബോള്‍ ടീമിന്റെ നാഷനല്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള വളര്‍ച്ചയുടെ കഥയാണ് പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശം അവളുടെ സ്വപ്‌നം സാഫല്യമാക്കുന്നതും ഗ്രാമത്തിലെ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും വിധിച്ചിട്ടുള്ള അസ്വാന്ത്ര്യത്തില്‍ അവള്‍ക്ക് മോചനം നല്‍കുന്നതും ഈ ഡോക്യുമെന്ററിക്ക് ഇതിവൃത്തമായി. കാഠ്മണ്ഡുവിലെ പത്രപ്രവര്‍ത്തകനായ ഭോജ് രാജാണ് സുനാകാലി സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
നിരവധി വര്‍ക്ക്‌ഷോപ്പുകളും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഡോക്യുമെന്ററി നിര്‍മാണത്തില്‍ തുടക്കക്കാര്‍ക്കു വേണ്ടിയുള്ള പ്രധാന വര്‍ക്ക്‌ഷോപ്പ് ഇന്ന് വൈകീട്ട് 4 മുതല്‍ 6 വരെ റിറ്റ്‌സ് കാള്‍ട്ടണിലെ ഫത്ഹുല്‍ ഖൈര്‍ ഹാളില്‍ നടക്കും.
വെര്‍ച്വല്‍ റിയാലിറ്റിയെക്കുറിച്ചുള്ള സെമിനാര്‍ നാളെ രാവിലെ 11 മുതല്‍ 12 വരെയാണ്. അല്‍ജസീറ ഫോറം ഫോര്‍ ഫിലിം ഫെസ്റ്റിവലിന്റെ യോഗം വൈകീട്ട് 7ന് ചേരും. അന്താരാഷ്ട്ര ചലചിത്രമേളയ്ക്കുള്ള അന്താരാഷ്ട്ര സംഘടന എന്ന നിലയില്‍ ആദ്യമായി തുടക്കമിടുന്ന ഈ സംഘടന മേഖലയില്‍ സുപ്രധാന ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മേളയുടെ ഡയറക്ടര്‍ അബ്ബാസ് അര്‍നൗത്ത് പറഞ്ഞു.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 147 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 17 സിനിമകളുമായി എത്തിയ സ്‌പെയ്‌നാണ് ഇതില്‍ മുന്നില്‍. ചൈനയില്‍ നിന്ന് 16 ചിത്രങ്ങളുണ്ട്. 13 ചിത്രങ്ങളുമായി ഖത്തറാണ് മുന്നാം സ്ഥാനത്ത്. ഈജിപ്ത്, ഫലസ്തീന്‍, മൗറിത്താനിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഖത്തറിനു പുറമേ മേളയിലുള്ള അറബ് രാജ്യങ്ങള്‍.
ഗിനിയ ബിസാവു, കേപ് വെര്‍ദെ, ജമൈക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇത്തവണ ആദ്യമായി മേളയില്‍ പങ്കെടുക്കുന്നവയാണ്.
ബര്‍മയിലെ(മ്യാന്‍മര്‍) റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ദുരിതജീവിതം അനാവരണം ചെയ്യുന്ന മലയാളിയായ മുഹമ്മദ് ഫൈസല്‍ കെ സംവിധാനം ചെയ്ത  ഹോം വിത്തൗട്ട് എ ഹോംലാന്‍ഡ്, ഇന്ത്യയില്‍ നടക്കുന്ന കൂട്ട ബലാല്‍സംഗങ്ങള്‍ക്കെതിരായ പോരാട്ടം പ്രതിഫലിപ്പിക്കുന്ന ഹ്രസ്വചിത്രമായ ഇന്ത്യ-പവര്‍ ഗേള്‍സ്, ഇന്ത്യയിലെ ജാതി വ്യവസ്ഥയെ ആസ്പദമാക്കി ന്യൂയോര്‍ക്ക് പശ്ചാത്തലത്തില്‍ നടാഷ രഹേജ  സംവിധാനം ചെയ്ത കാസ്റ്റ് ഇന്‍ ഇന്ത്യ, പഞ്ചാബിലെ നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്കെതിരെ വിസില്‍ബ്ലോവറായി നിലകൊള്ളുന്ന ഒരു സാധാരണക്കാരന്റെ പോരാട്ടത്തിന്റെ കഥപറയുന്ന ദി ലാസ്റ്റ് കില്ലിങ്  എന്നിവ മേളയില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ശ്രദ്ധേയ ചിത്രങ്ങളാണ്.
Next Story

RELATED STORIES

Share it