Pravasi

അല്‍ഖോറിലെ പാര്‍ക്കുകള്‍ സ്മാര്‍ട്ടാവുന്നു



ദോഹ: അല്‍ഖോര്‍ മേഖലയിലെ പാര്‍ക്കുകളില്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. പൊതു ജനങ്ങളുടെ സാന്നിധ്യം പാര്‍ക്കുകളില്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ പഴയ പാര്‍ക്കുകളെല്ലാം സ്മാര്‍ട്ട് സംവിധാനത്തോടെ നവീകരിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അടുത്തിടെ മേഖലയിലെ ഓള്‍ഡ് ഗുവൈരിയ പാര്‍ക്ക് ഉള്‍പ്പെടെ ഏതാനും പാര്‍ക്കുകള്‍ എല്ലാ ഹൈടെക് സംവിധാനങ്ങളും നല്‍കി നവീകരിച്ചിരുന്നു. മേഖലയിലെ എട്ടോളം പൊതു പാര്‍ക്കുകളിലാണ് ഇത്തരത്തില്‍ സ്മാര്‍ട്ട് സൗകര്യങ്ങള്‍ ഒരുക്കിയത്.അല്‍ഖോറിലെ നിരവധി പാര്‍ക്കുകളില്‍ സ്മാര്‍ട്ട് പാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കികഴിഞ്ഞതായി അല്‍ഖോര്‍ പബ്ലിക് പാര്‍ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുല്ല ഇബ്രാഹിം അല്‍മുഹന്നദി പറഞ്ഞു. അല്‍ഖോറിലെ ഏഴ് പാര്‍ക്കുകളും ഗുവൈരിയ പാര്‍ക്കും അത്യാധുനിക സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്ന രീതിയിലാണ് നവീകരിച്ചിരിക്കുന്നത്. വ്യത്യസ്ത മൊബൈലുകളുടെ ചാര്‍ജിങ് സൗകര്യം, വൈദ്യുതി, വെള്ളം എന്നിവ കുറഞ്ഞ രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ പാര്‍ക്കില്‍ ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിന് എല്‍ഇഡി ലൈറ്റുകളും വെള്ളത്തിന്റെ ഉപയോഗം കുറക്കുന്നതിന് ജലസേചന കണ്‍ട്രോള്‍ റൂമുമായി വയര്‍ലസ് സംവിധാനത്തിലൂടെയുള്ള ബന്ധപ്പെടല്‍ എന്നിവയും പാര്‍ക്കുകളില്‍ ഒരുക്കിയതായി മുഹന്നദി പറഞ്ഞു. വാഷ് റും ടാപുകള്‍ക്ക് സെന്‍സര്‍ സംവിധാനമുണ്ട്. കളിസ്ഥലങ്ങളുടെ തറ റബ്ബറൈസ് ചെയ്യുകയും സൂര്യ പ്രകാശം നേരിട്ട് പതിക്കാതിരിക്കാനുളള പ്രത്യേക തണല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മേഖലയിലെ ഏതാനും പാര്‍ക്കുകളില്‍ കൂടി സ്മാര്‍ട്ട് സംവിധാനം ഉടന്‍ ഒരുക്കുമെന്നും ബജറ്റ് സംബന്ധിയായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടിവച്ചതാണെന്നും മുഹന്നദി പറഞ്ഞു.അല്‍ഖോര്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളില്‍ 2,24, 000 ചതുരശ്ര മീറ്റര്‍ പരിധിയില്‍ ഹരിത പ്രദേശങ്ങളുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മേഖലയില്‍ താമസിക്കുന്നവരുടെ ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ ടെറസിന് മുകളില്‍ ചെടികള്‍ നടാനുള്ള പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it