അലോക് വര്‍മയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത് സുപ്രധാന കേസുകള്‍

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ പരിഗണനയിലുണ്ടായിരുന്നത് കേന്ദ്രസര്‍ക്കാരിനെ ബാധിക്കുന്ന സുപ്രധാന കേസുകള്‍. റഫേല്‍ വിമാന ഇടപാട് അടക്കമുള്ള കേസുകളായിരുന്നു സിബിഐയിലെ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ഡയറക്ടര്‍ പരിഗണിച്ചിരുന്നത്. അലോക് വര്‍മയുമായി തര്‍ക്കങ്ങളുണ്ടായിരുന്ന സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്റ്റര്‍ലിങ് ബയോടെക് കേസും ഇതിലുള്‍പ്പെടും.
കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴ കേസ്, ഐഎഎസ് ഓഫിസര്‍ ഭാസ്‌കര്‍ ഖുല്‍ബെ ഉള്‍പ്പെട്ട കല്‍ക്കരി ഖനനാനുമതിക്കേസ് എന്നിവയാണ് മറ്റ് പ്രധാന കേസുകള്‍.
അലോക് വര്‍മയ്ക്ക് പകരം നാഗേശ്വര റാവുവിന് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. തന്നെ അവധിയില്‍ വിട്ട് പകരം താല്‍ക്കാലികമായി ഡയറക്ടറെ നിയമിച്ച കേന്ദ്രസര്‍ക്കാരിനെതിരേ അലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരേ വര്‍മ ഉന്നയിച്ചിരിക്കുന്നത്.
ചില ഉന്നത ബന്ധമുള്ള കേസുകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായെന്നതടക്കമുള്ള കാര്യങ്ങളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സിബിഐ ഡയറക്ടര്‍ ഉന്നയിച്ചിരിക്കുന്നത്. ചില കേസുകളിലെ അന്വേഷണ പുരോഗതിക്ക് ആത്യാവശ്യമായ സുപ്രധാന തീരുമാനങ്ങള്‍ രാകേഷ് അസ്താന സ്വന്തം നിലയില്‍ തടസ്സപ്പെടുത്തിയിരുന്നെന്നും അലോക് വര്‍മ ഹരജിയില്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ കേസിലാണ് ഇതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഇവ വളരെ സെന്‍സിറ്റീവായ കേസുകളാണെന്നും ഇത് കോടതിയില്‍ വ്യക്തമാക്കുമെന്നും വര്‍മ പറഞ്ഞിട്ടുണ്ട്.
തന്നെ നിര്‍ബന്ധിത അവധിയില്‍ വിട്ട് താല്‍ക്കാലികമായി പുതിയ ഡയറക്ടറെ നിയമിച്ച സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധമാണെന്നും പുതിയ ഡയറക്ടറുടെ നിയമനം റദ്ദാക്കണമെന്നും ഹരജിയില്‍ വര്‍മ ആവശ്യപ്പെടുന്നു. തന്റെ അധികാരങ്ങള്‍ എടുത്തുമാറ്റിക്കൊണ്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഉദ്യോഗസ്ഥ നിയമകാര്യ വകുപ്പും തീരുമാനമെടുത്തത് വളരെ പെട്ടെന്നായിരുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് അതൃപ്തിയുള്ള കേസുകള്‍ താന്‍ അന്വേഷിച്ചുവരുന്നതാണ് ഇതിനു കാരണം.
സിബിഐ ഡയറക്ടറുടെ നിയമനം രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ രണ്ടു വര്‍ഷത്തേക്ക് നിശ്ചയിക്കപ്പെട്ടതാണ്. സിബിഐ ഡയറക്ടറെ നീക്കംചെയ്യാനോ സ്ഥലം മാറ്റാനോ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it