അലോക് വര്‍മയുടെ ഒപ്പമുള്ള 13 പേര്‍ക്കും മാറ്റം

ന്യൂഡല്‍ഹി: അഡീഷനല്‍ ഡയറക്ടര്‍ നാഗേശ്വരറാവു സിബിഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സിബിഐയില്‍ സ്ഥലംമാറ്റങ്ങളും അഡീഷനല്‍ ചുമതലകള്‍ നല്‍കലുകളുമായി 13 മാറ്റങ്ങള്‍.
സ്ഥാനമാറ്റം ലഭിച്ച ഡയറക്ടര്‍ അലോക് വര്‍മയോടൊപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന എസി-3 യൂനിറ്റിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിന്‍ഹയെ നാഗ്പൂരിലെ അഴിമതിവിരുദ്ധ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. സിന്‍ഹയ്ക്കു പകരമായി ചണ്ഡീഗഡ് എസിബിയിലെ ഡിഐജി തരുണ്‍ ഗൗബയെ നിയമിച്ചു. മറ്റൊരു പ്രധാന ഉദ്യോഗസ്ഥനായ സര്‍വൈലന്‍സ് യൂനിറ്റിലെ ഡിഐജി അനീസ് പ്രസാദിനെ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പേഴ്‌സനല്‍ വിങ്ങിലേക്കും മാറ്റി.
സാമ്പത്തിക കുറ്റകൃത്യം-1 വിഭാഗത്തിലെ കെ ആര്‍ ചൗരസ്യയായിരിക്കും സര്‍വൈലന്‍സ് യൂനിറ്റിന്റെ ചുമതല വഹിക്കുക. അസ്താന കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എ കെ ഭാസിയെ പോര്‍ട്ട് ബ്ലെയറിലേക്കും സ്ഥലംമാറ്റി. മറ്റൊരു സൂപ്പര്‍വൈസറി ഉദ്യോഗസ്ഥനായ എസ് എസ് ഗുറാമിനെ ജബല്‍പൂരിലേക്ക് മാറ്റി.
പോളിസി ഡിവിഷനിലെ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മയെ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയിലേക്കു മാറ്റി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ വിശാല ഗൂഢാലോചന അന്വേഷിക്കുന്ന വിഭാഗമാണത്. അസ്താനയ്‌ക്കെതിരായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡിഐജി തരുണ്‍ ഗൗബയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
വ്യാപം കേസും അന്വേഷിച്ചത് ഗൗബയായിരുന്നു. ഗുര്‍മീത് രാംരഹീം കേസ് അന്വേഷിച്ച പോലിസ് സൂപ്രണ്ട് സതീഷ് ദാഗര്‍, കല്‍ക്കരിക്കേസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ജോയിന്റ് ഡയറക്ടര്‍ വി മുരുകേശന്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

Next Story

RELATED STORIES

Share it