kozhikode local

അലൈന്‍മെന്റ്മാറ്റത്തില്‍ ചേലേമ്പ്രയില്‍ വന്‍ ജനരോഷം

തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ പുതിയ അൈലന്‍മെന്റിനെതിരേ ചേലേമ്പ്രയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ ഇതിനെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. അലൈന്‍മെന്റ് മാറ്റത്തെപറ്റി ചര്‍ച്ചയില്ലെന്നും ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചാണ് വിശദീകരണമെന്നും അധികൃതര്‍ അറിയിച്ചതാണ് ജനരോക്ഷത്തിനിടയാക്കിയത്.
എന്നാല്‍, സാറ്റലൈറ്റ് സര്‍വെയും ഡല്‍ഹിയിലെ ഓഫിസര്‍മാരും മാത്രം തീരുമാനിച്ചുള്ള അലൈന്‍മെന്റ് ജനഹിതമല്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം, അലൈന്‍മെന്റില്‍ തിരിമറി നടത്തിയതാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രതിഷേധവുമായി പഞ്ചായത്തോഫിസിനുമുന്നില്‍ കുടില്‍കെട്ടിയുള്ള സമരം തുടരുകയാണ്. പുതിയ അലൈമെന്റ് പഞ്ചായത്ത് ഭരണസമിതി തീരുമാനമനുസരിച്ച് ലഭിച്ചതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ കഴിഞ്ഞദിവസം യോഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ഭരണസമിതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയത്. ഭൂവുടമകള്‍ അറിയാതെ പ്രസിഡന്റും ചിലഅംഗങ്ങളും അലൈന്‍മെന്റിനെപറ്റി തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതേപറ്റി വ്യക്തമാക്കണമെന്ന പഞ്ചായത്ത് സ്ഥിരംസമിതിഅധ്യക്ഷന്‍ അസീസ് പാറയിലിന്റെ ആവശ്യത്തില്‍ ഭരണസമിതിയിലെ വിഭാഗീയതയാണു പുറത്തായത്.
പഴയ അലൈന്‍മെന്റ് പ്രകാരം ജനവാസമില്ലാത്ത കുന്നിന്‍ പ്രദേശത്തുകൂടെ ആയപ്പോള്‍ വെറും 20 വീടുകള്‍ മാത്രമെ നഷ്ടപ്പെടുമായിരുന്നുള്ളൂ. ഇപ്പോ ള്‍ ഇവിടെ വളവുകള്‍ സൃഷ്ടിച്ച് 60 വീടുകള്‍ നഷ്ടമാവുന്ന വിധത്തില്‍ അലൈമെന്റിന് സമ്മതം നല്‍കിയത് ആരെന്ന് വ്യക്തമാക്കണമെന്നാണ് ഇരകള്‍ ചോദിക്കുന്നത്.
അതേസമയം, അലൈമെന്റില്‍ തിരിമറി നടത്തിയെന്ന ആരോപണം പ്രസിഡന്റ് നിഷേധിച്ചു. സംഭവത്തില്‍ പങ്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. അലൈമെന്റ് കാര്യത്തില്‍ ഭരണസമിതിയിലുള്ളവര്‍ തന്നെ രണ്ടു തട്ടിലാണെന്നത് ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഭരണസമിതി തീരുമാനം താനറിയില്ലെന്ന് ഭരണസമിതിയിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇരകള്‍ക്ക് മുമ്പില്‍വച്ച് ഡെപ്യൂട്ടി കലക്ടറോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it