അലീമുദ്ദീന്‍ കേസ്: പഴുതടച്ച നിയമപോരാട്ടത്തിന്റെ വിജയം

സ്വന്തം  പ്രതിനിധി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഗോരക്ഷയുടെ പേരില്‍ അലീമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക ള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച സുപ്രധാന കോടതിവിധിയിലേക്ക് നയിച്ചത് പഴുതടച്ച നിയമപോരാട്ടം. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും ആദ്യമായുണ്ടായ വിധിയെന്ന നിലയില്‍ അലീമുദ്ദീന്‍ അന്‍സാരി കേസ് വേറിട്ടുനില്‍ക്കുന്നു.
ഉത്തരേന്ത്യയില്‍ ഹിന്ദുത്വ അതിക്രമങ്ങളുടെ പേരില്‍ എടുക്കുന്ന കേസുകളില്‍ സാധാരണ ഉണ്ടാവുന്ന നിലയിലുള്ള ബാഹ്യ ഇടപെടലുകളെ അതിജീവിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നതാണ് ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്. പ്രഥമ വിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ തന്നെ കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജാര്‍ഖണ്ഡിലെ ഹിന്ദുത്വവിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അലീമുദ്ദീന്റെ മൃതദേഹം ഏറ്റുവാങ്ങാതെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് കേസില്‍ പ്രഥമ വിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായത്.
സാക്ഷികളെ അപായപ്പെടുത്താനുള്ള നീക്കങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായി. സാക്ഷി പറയാനെത്തിയ അലീമുദ്ദീന്റെ സഹോദരന്‍ ജലീല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍, അത് എടുക്കാന്‍ പോയ അദ്ദേഹത്തിന്റെ ഭാര്യ സുലൈഖ ബൈക്ക് അപകടത്തി ല്‍ കൊല്ലപ്പെടുകയും ജലീലിനു കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വരികയും ചെയ്തു. അലീമുദ്ദിന്റെ മകനൊപ്പം സുലൈഖ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇത്തരം പ്രതിബന്ധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് പ്രധാന സാക്ഷികളെ കോടതിയി ല്‍ എത്തിക്കാനും അനുകൂലമായി മൊഴി നല്‍കാനും അലീമുദ്ദീന്റെ കുടുംബത്തിനും അവര്‍ക്കൊപ്പം നിന്ന പോപുലര്‍ഫ്രണ്ട് അടക്കമുള്ളവര്‍ക്കും കഴിഞ്ഞതാണ് കേസിന്റെ വിജയത്തിലേക്ക് നയിച്ചത്.
അതോടെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ മഹാതോ അടക്കം 11 പ്രതികളെയും പ്രധാന സാക്ഷികള്‍ തിരിച്ചറിഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തുന്നതും അതിനു തയ്യാറാകാത്തവരെ അപായപ്പെടുത്തുകയും ചെയ്യുന്നത് ഇത്തരം കേസുകളില്‍ പതിവാണ്. ഇതില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ പ്രോസിക്യൂഷനെ കൃത്യമായി സഹായിക്കാന്‍ അലീമുദ്ദീന്റെ കുടുംബത്തിനു സാഹചര്യമൊരുങ്ങിയതാണ് കേസ് നടത്തിപ്പില്‍ വഴിത്തിരിവായത്.  കേസില്‍ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും ആവശ്യപ്പെട്ട് ഭാര്യ മര്‍യം ഖാതൂന്‍ കൊടുത്ത റിട്ട് കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it