Flash News

അലീമുദ്ദീന്‍ അന്‍സാരി കൊല: വിധിയെ കുറിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

അലീമുദ്ദീന്‍ അന്‍സാരി കൊല: വിധിയെ കുറിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
X
കോഴിക്കോട്: ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരി കൊലക്കേസില്‍ പ്രതികളെ ശിക്ഷിച്ച ട്രയല്‍ കോടതി വിധി വളരെയധികം ആശ്വാസകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ്.

അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്ന്...
ഈ വിധി വായിച്ചു ആശ്വാസം കൊള്ളുമ്പോള്‍ ഓര്‍ക്കേണ്ടത് ഇതേപോലെ പ്രതികളും സാക്ഷികളുമുണ്ടായിട്ടും ശിക്ഷിക്കപ്പെടാതെ പോയ മറ്റനേകം കേസുകളെക്കുറിച്ചാണ്. കൊലപാതകമോ മറ്റെന്തെങ്കിലും കുറ്റകൃത്യമോ നടന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് പ്രാഥമിക പോലിസ് നടപടിയുടെ ഭാഗമാണെങ്കിലും പരാതി കൊടുക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുകയും പരാതി കൊടുത്താല്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് വിമുഖത കാണിക്കുകയും ചെയ്യുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതുമയുള്ളതല്ല.




കൊല്ലപ്പെടുന്നത് മുസ്‌ലിമോ ദലിതനോ ആണെങ്കില്‍ അതിന് അസാമാന്യ കാലവിളംബം ഉണ്ടാവാറുമുണ്ട്. അല്ലെങ്കില്‍ മരിച്ചയാള്‍ത്തന്നെയോ കുടുംബാംഗങ്ങളോ ആവും പ്രതി. അലീമുദ്ദീന്‍ കൊലക്കേസില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കിട്ടിയത് മയ്യിത്ത് ഏറ്റു വാങ്ങാതെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത് കൊണ്ടാണ്. അലീമുദ്ദീന്റെ ഭാര്യ മറിയം ഖാത്തൂന്‍ കേസുമായി മുന്നോട്ടു പോകാന്‍ സന്നദ്ധയായെങ്കിലും അവര്‍ക്കും വേണ്ടത്ര ധൈര്യമുണ്ടായിരുന്നില്ല. അഥവാ പരിമിതികള്‍ ധാരാളമുണ്ടായിരുന്നു. പലരുടെയും സന്ദര്‍ശനങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനും ആശ്വാസവാക്കുകള്‍ക്കുമപ്പുറം ഭര്‍ത്താവിന്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നീക്കങ്ങള്‍ക്ക് കരുത്തു പകരുന്ന പതറാത്ത പിന്തുണകൂടി അവര്‍ക്ക് പ്രധാനമായും വേണ്ടിയിരുന്നു. അതാണ് അവരുടെ വീട് സന്ദര്‍ശിച്ച പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ അവര്‍ക്ക് ഉറപ്പു നല്‍കിയത്. തുടര്‍ന്ന് അവരുടെ വീട്ടിലെത്തിയ അന്നത്തെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ കബീര്‍, അന്നത്തെ പാകൂര്‍ ജില്ലാ സെക്രട്ടറി ഹന്നാന്‍ എന്നിവര്‍ അവര്‍ക്കും മറ്റു സാക്ഷികള്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു നല്‍കിയതായിരുന്നു ഈ കേസ് നടത്തിപ്പിലെ ഒരു വഴിത്തിരിവ്.

സംഘ ഭീകരന്‍മാരുടെ സകല ഭീഷണികളെയും പോലിസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെയും അതിജീവിച്ച് വിചാരണകോടതിയിലെത്തി ധൈര്യസമേതം മൊഴി കൊടുക്കാന്‍' സാക്ഷികളെ പ്രാപ്തരാക്കുക എന്നത് ഈ കേസില്‍ മാത്രമല്ല; സമാന കേസുകളിലൊക്കെ മുന്‍ഗണയനുസരിച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ്. അത്തരം ഒരു ഇടപെടല്‍ അലീമുദ്ദീന്‍ കേസില്‍ ഉണ്ടാവുകയും അതിന് പോപുലര്‍ ഫ്രണ്ടിന്റേത് അടക്കമുള്ള പിന്തുണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഏതൊരു കേസിലും ശിക്ഷ വിധിക്കാന്‍ കോടതിക്ക് സാധിക്കണമെങ്കില്‍ തെളിവുകളും രേഖകളും സാക്ഷിമൊഴികയും ജഡ്ജിനു മുന്നിലെത്തിയേ പറ്റൂ. കേസ് നടത്തിപ്പിലെ പ്രധാനഭാഗം തന്നെ അതാണ്. പ്രോസിക്യൂഷനെ സഹായിക്കുക എന്ന ദൗത്യം മാത്രമാണ് ഒരു ക്രിമിനല്‍ കേസില്‍ പ്രത്യക്ഷത്തില്‍ വാദിഭാഗം വക്കീലുമാര്‍ക്ക് ചെയ്യാനുള്ളത്. സാക്ഷികള്‍ സുരക്ഷിതരായി കോടതിയില്‍ എത്തുന്നതുവരെ മാത്രമല്ല, സര്‍വ സ്വാധീനങ്ങളുമുള്ള സംഘപരിവാര പ്രതികള്‍ പ്രതിക്കൂട്ടില്‍ നിരന്നു നില്‍ക്കെ നിര്‍ഭയമായി ജഡ്ജിയുടെ മുഖത്ത് നോക്കി പ്രതിഭാഗം വക്കീലുമാരുടെ കടിച്ചു കുടയലുകളെ അതിജീവിച്ച് കൃത്യം കൃത്യം മൊഴി നല്‍കി എന്നുറപ്പാക്കുന്നതു വരെ നീളുന്നതാണ് ആ ുൃീരല.ൈ പോലിസ് കസ്റ്റഡിയില്‍ എടുത്തവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ കൊണ്ടു പോകുമ്പോള്‍ അത് റിമാന്‍ഡ് ചെയ്യാനാണെന്ന് മനസ്സിലാക്കാതെ 'പേടിക്കേണ്ട പോലിസ് നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ളത് കൊണ്ട് ചെക്കപ്പിന് കൊണ്ട് പോകുകയാണെന്ന് ആശ്വസിക്കാന്‍' തക്ക നിയമ വിദ്യാഭാസം ഉള്ളവര്‍ക്ക് ഒരു കേസിന്റെ ഇത്തരം പിന്നാമ്പുറ ഒരുക്കങ്ങള്‍ മനസ്സിലാകാണമെന്നില്ല. അതുകൊണ്ട് തന്നെ അത് കൈകാര്യം ചെയ്യുന്നവരെ ആരും കാണാറില്ല; ആരും അറിയാറുമില്ല. അറിയിക്കാറുമില്ല. പണം എത്ര വേണമെങ്കിലും ചെലവഴിക്കാനും/ സംഭാവന ചെയ്യാനും, വിലപിടിപ്പുള്ള നല്ല വക്കീലുമാരെ വെച്ച് കേസ് നടത്താനും സാധിക്കുന്ന വമ്പന്‍ പാര്‍ട്ടികളുടെ കേസുകളില്‍ കേരളത്തില്‍ പോലും സാക്ഷികള്‍ കോടതിയിലെത്താതിരിക്കുകയും പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെട്ടു പോവുകയും ചെയ്യുന്നത് ഇതിനോടു കൂട്ടി വായിക്കുമ്പോഴാണ് കേസ് നടത്തിപ്പിന്റെ സുപ്രധാന ഭാഗമായ ഈ തയ്യാറെടുപ്പിന്റെ പ്രാധാന്യം ബോധ്യമാവുക. ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ടിന്റെ അന്നത്തെ ലീഗല്‍ ഇന്‍ചാര്‍ജ് ഷമീം അക്തറിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് ലെവലില്‍ നടന്ന ഇടപെടലുകള്‍ സാക്ഷികള്‍ക്ക് എത്രത്തോളം ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നുവെന്നും സാക്ഷിമൊഴികളെ എത്രത്തോളം ബലപ്പെടുത്തിയെന്നും വിചാരണക്കോടതിയില്‍ ഹാജരായി പ്രോസിക്യൂഷനെ സഹായിച്ച അഭിഭാഷകരിലൊരാളും അലീമുദ്ദീന്റെ കുടുംബം ഏല്‍പ്പിച്ചയാളുമായ അഡ്വ. ഷദാബിനോടെങ്കിലും തിരക്കിയാല്‍ ബോധ്യമാകുന്നതാണ്. മറിയം ഖാത്തൂന്റെ അഭ്യര്‍ത്ഥന മാനിച്ച് അഡ്വ.ഷദാബിന്റെ വക്കീല്‍ ഫീസ് നല്‍കാമെന്ന് പോപുലര്‍ ഫ്രണ്ട് തീരുമാനിക്കുകയും ചെയ്തതാണ്. ദൗര്‍ഭാഗ്യവശാല്‍ പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ ഒഫീഷ്യലി ഇത് സംഘടനക്ക് ഏറ്റെടുക്കാനായില്ല. (പോപുലര്‍ ഫ്രണ്ട് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് ജാര്‍ഖണ്ഡില്‍ സംഘടനയെ നിരോധിച്ചത്). മാത്രമല്ല; റാഞ്ചി ഹൈക്കോടതിയില്‍, നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും ആവശ്യപ്പെട്ട് ഭാര്യ മറിയം ഖാത്തൂനെക്കൊണ്ട് റിട്ട് കൊടുപ്പിക്കുകയും പോപുലര്‍ ഫ്രണ്ട് ലീഗല്‍ വിഭാഗം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ആധികാരികമായി പറയാന്‍ കഴിയുക ചാരുകസേരാ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെക്കാള്‍ അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം ഖാത്തൂന് തന്നെയായിരിക്കും. അതുകൊണ്ടാണ് മറിയം ഖാത്തൂന്‍ വിധി വന്ന അന്നു തന്നെ അന്നത്തെ പോപുലര്‍ ഫ്രണ്ട് നേതൃത്വത്തെ വിളിച്ച് നന്ദിയും കടപ്പാടും അറിയിച്ചത്. അതില്‍നിന്ന് അവര്‍ക്ക് കാര്യങ്ങളില്‍ തെറ്റിദ്ധാരണയില്ല എന്നു വ്യക്തമാണ്. ഇതിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്തെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് സംഘടനയുടെ നയമല്ല. അവകാശവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വേണ്ടി ഇടപെടലുകള്‍ നടത്താനോ ഇല്ലാത്ത അവകാശവാദങ്ങള്‍ക്കും അര്‍ഹിക്കാത്ത നന്ദി പ്രകടനങ്ങള്‍ക്കും വേണ്ടി നിലവിളിക്കാനോ മാത്രം പരിമിതമല്ല പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യവും കര്‍മ്മവും. ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ ഈ നയം പിന്തുടരുന്നതില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് കൂടിയാണ്. ആരെങ്കിലും പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം വിളിച്ച് പറഞ്ഞ് ക്രെഡിറ്റ് നേടുക എന്നതിനേക്കാള്‍ പ്രധാനം ഏറ്റവും ഫലപ്രദമായി കേസ് നടത്തുന്നതിന് മൗനമാണ് ഗുണമെങ്കില്‍ അത് പിന്തുടരലാണ്. ഭയപ്പെട്ട് പരിഭ്രാന്തിയില്‍ കഴിയുന്ന പരാതിക്കാരിയെ കൗണ്‍സലിംഗ് നടത്തി കേസു കൊടുക്കാന്‍ തയ്യാറാക്കി, ഉറപ്പിച്ചു നിര്‍ത്തേണ്ടി വന്ന നിരവധി കേസുകള്‍ മുസാഫര്‍നഗര്‍ കലാപാനന്തരം പോപുലര്‍ ഫ്രണ്ടിന്റെ തന്നെ ലീഗല്‍ അസിസ്റ്റന്റ് സെല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനേക്കാള്‍ ശ്രമകരമാണ് വിചാരണ പൂര്‍ത്തിയാവുന്നതു വരെ സാക്ഷികളെ സംഘി ഭീകരന്‍മാരില്‍ നിന്ന് സംരക്ഷിക്കുക എന്നത്. 'ഇര'കള്‍ക്ക് ഇര എന്ന അര്‍ത്ഥത്തിലുള്ള ഒരു ചെറിയ സംരക്ഷണമെങ്കിലുമുണ്ടാവാറുണ്ട്. എന്നാല്‍ ആരോരുമറിയാത്ത സാക്ഷികള്‍ ഏതു നിമിഷവും കാണാതായേക്കാം. കൊല്ലപ്പെട്ടേക്കാം. 'അസ്വാഭാവിക ആത്മഹത്യ' ചെയ്യാം. അതെല്ലാം മറികടന്ന് സാക്ഷികള്‍ സുരക്ഷിതരായി കോടതിയിലെത്തി നിര്‍ഭയം മൊഴി നല്‍കിയെങ്കില്‍, ആ മൊഴികള്‍/തെളിവുകള്‍ പ്രകാരം പ്രതികള്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍ അതാണ് ആ കേസിലെ പ്രധാന നീക്കം. അല്‍ഹംദുലില്ലാഹ്, ഹൃദയങ്ങളില്‍ നിര്‍ഭയത്വം നല്‍കിയ; അതു പകര്‍ന്നു നല്‍കാന്‍ പ്രാപ്തി നല്‍കിയ; അതിന്റെ സംഘാടനത്തിന് വഴി കാണിച്ച സര്‍വശക്തനാണ് സര്‍വ്വ സ്തുതിയും. അലീമുദ്ദീന്‍ കേസില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ഇടപെടലുകളുടെ ചെറിയ വിശദാംശങ്ങളാണ് ഇവിടെ പറഞ്ഞത്. അതിനര്‍ത്ഥം അവിടെ സന്ദര്‍ശനം നടത്തിയ നിരവധിപേരുടെ ഇടപെടലുകളും സഹായങ്ങളും അപ്രസക്തമാണെന്നോ അതൊന്നും ഉണ്ടായിട്ടില്ലെന്നോ അല്ല. അവക്കൊപ്പം ഇതുകൂടി ചേര്‍ന്നപ്പോള്‍ ഉണ്ടായതാണ് ഇന്ത്യന്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ഈ വിധി. ഇത് ഒരു കേസ് മാത്രമാണ്. സംഘപരിവാര ഭീകരതയുടെ സംഹാരത്തിനിടയില്‍ ജീവനറ്റ നിരവധി പേരുടെ നീതിക്കായുള്ള പോരാട്ടം നമുക്ക് തുടരേണ്ടതുണ്ട്. വിഴുപ്പലക്കലുകള്‍ അവക്ക് തടസ്സമാകാതിരിക്കട്ടെ.
Next Story

RELATED STORIES

Share it