അലിയുടെ വിയോഗത്തില്‍ വിതുമ്പി കായികലോകം


  • ബോക്‌സിങ് റിങിലെ എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തിന് അര്‍ഹനായ അമേരിക്കന്‍ ഇതിഹാസം മുഹമ്മദ് അലിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് കായികലോകം. മുന്‍ ചാംപ്യന്‍ മൈക്ക് ടൈസണ്‍, ഫ്‌ളോയ് മെയ്‌വെതര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ അലിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
    ദൈവം വന്ന് തന്റെ ചാംപ്യനെ കൂട്ടിക്കൊണ്ടുപോയി- മൈക്ക് ടൈസണ്‍ (ഒമ്പതു തവണ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍).

  • യഥാര്‍ഥ ഇതിഹാസം. എല്ലാ തരത്തിലും ഒരു ഹീറോയായിരുന്നു അലി. നിങ്ങളെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസംപോലും ഞാന്‍ ജിമ്മില്‍ പോയിട്ടില്ല. നിങ്ങളുടെ വ്യക്തിപ്രഭാവം, മാസ്മരികത ഇവയേക്കാളുപരി ബോക്‌സിങിലെ മികവ്.
    ഇവയെല്ലാം ഇനി എനിക്കും ലോകത്തിനും നഷ്ടമാവും. എന്റെ ബോക്‌സിങ് കരിയറിലുടനീളം പ്രചോദനമായിരുന്നു നിങ്ങള്‍. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ എത്ര മഹാനാണെന്നു വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കാനാവില്ല.
    കറുത്ത അമേരിക്കയ്ക്കുവേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി- ഫ്‌ളോയ്ഡ് മെയ്‌വെതര്‍ (നാലു തവണ ലോക ചാംപ്യന്‍).

  • ഇടിക്കൂട്ടില്‍ അലിയുടെ പ്രകടനങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. റിങിലെ പ്രകമ്പനവും തീപ്പൊരി പാറുന്ന ഇടികളും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയാണു ഞാന്‍ ആഗ്രഹിച്ചത്. അലിയുടെ മറ്റൊരു സംഭാവനയാണ് ഞാനെന്നു പറയാം- ക്രിസ് യുബാങ്ക് (മുന്‍ മിഡില്‍വെയ്റ്റ് ലോകചാംപ്യന്‍).
    ദി ഗ്രേറ്റസ്‌റ്റെന്നറിയപ്പെടുന്ന അലി അവസാനറൗണ്ടും കഴിഞ്ഞ് മടങ്ങി. അലിയെപ്പോലെ മറ്റാര്‍ക്കു ചെയ്യാന്‍ സാധിക്കും. ബോക്‌സിങ് റിങില്‍ മാത്രമല്ല അതിനു പുറത്തും അസാമാന്യമായ ധൈര്യശാലിയായിരുന്നു അദ്ദേഹം. അലി ലോകത്തിനു നല്‍കിയ സംഭാവനകളെ ഉയര്‍ത്തിക്കാണിക്കാനാണു ഞാന്‍ ശ്രമിക്കുന്നത്- ഗാരി ലിനേക്കര്‍ (മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍).

  • ഞങ്ങളുടെ പ്രാര്‍ഥനകളും ചിന്തകളും ഇപ്പോള്‍ അലിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവുമാണ്- ആമിര്‍ ഖാന്‍ (ബ്രിട്ടീഷ് ബോക്‌സര്‍).

  • അലി, റാല്‍ഫ്, ഫ്രേസിയര്‍, ഫോര്‍മാന്‍ ഇവരെല്ലാവരുംകൂടി ഒന്നാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇപ്പോള്‍ വിട്ടുപോയിരിക്കുന്നത്. അലി മറ്റുള്ളവരില്‍ നിന്നു തികച്ചും വ്യത്യസ്തനാണ്.
    അദ്ദേഹം ലോകത്തിന്റെ മുഴുവന്‍ ഇഷ്ടം നേടിയെടുത്തു. ബോക്‌സിങിലെ സൗന്ദര്യമെന്നാണു ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്-ജോര്‍ജ് ഫോര്‍മാന്‍ (രണ്ടു തവണ ഹെവിവെയ്റ്റ് ലോകചാംപ്യന്‍, ഒരു തവണ ഒളിംപിക്‌സ് ജേതാവ്).

  • അലിയുടെ മരണവാര്‍ത്തയറിഞ്ഞാണു ഞാന്‍ ഉറക്കമെഴുന്നേറ്റത്. അസുഖത്തില്‍ നിന്നും വേദനകളില്‍ നിന്നും താങ്കള്‍ മുക്തനായിരിക്കുന്നു. നിങ്ങളെ നേരിട്ടു കാണാന്‍ സാധിച്ചത് വലിയ നേട്ടമായാണു കാണുന്നത്- റിക്കി ഹട്ടന്‍ (മുന്‍ ലോകചാംപ്യന്‍).

  • നിങ്ങളുടെ പ്രാര്‍ഥനകളിലും ചിന്തകളിലും ദയവായി അലിയെ ഓര്‍മിക്കണം. വലിയൊരു ഇതിഹാസത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്- മാനി പക്വിയാവോ (8 ഡിവിഷന്‍ ലോകചാംപ്യനായ ഏക താരം).

Next Story

RELATED STORIES

Share it