Flash News

അലിഗഡ്: 15,000 വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ആക്രമണം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 15,000 വിദ്യാര്‍ഥികളും അനുകൂലികളും ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ത്തു.
മെയ് 2ന് യൂനിവേഴ്‌സിറ്റി കാംപസിനകത്തേക്ക് അതിക്രമിച്ചുകയറി കുഴപ്പം സൃഷ്ടിച്ച ഹിന്ദുത്വര്‍ക്കെതിരേ നടപടി സ്വീകരിക്കുക, എഎംയു വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് എഎംയു സര്‍ക്കിള്‍ എന്ന പേരില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍വകലാശാലയിലെ വിദ്യാര്‍ഥി, അധ്യാപകസംഘടനകള്‍ ആവശ്യപ്പെടുന്നു. നാളെ യൂനിവേഴ്‌സിറ്റി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ പാഠ പുസ്തകങ്ങളുമായാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്.
വാഗ്ദാനങ്ങള്‍ക്കപ്പുറം നടപടി സ്വീകരിക്കാതെ സമരത്തില്‍നിന്നു പിന്മാറില്ലെന്ന് എഎംയു വിദ്യാര്‍ഥി യൂനിയന്‍ സെക്രട്ടറി ഫഹദ് പറഞ്ഞു. വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ ബുധനാഴ്ച എഡിജിപി അജയ് ആനന്ദ്, ഐജി, ജില്ലാ മജിസ്‌ട്രേറ്റ്, സീനിയര്‍ പോലിസ് സൂപ്രണ്ട് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് മശ്കൂര്‍ ഉസ്്മാനി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരായ ലാത്തിച്ചാര്‍ജ് തെറ്റായ നടപടിയായിരുന്നുവെന്ന് എഡിജിപി അജയ് ആനന്ദ് സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനവേളയിലാണ് ഹിന്ദുത്വര്‍ കാംപസിലേക്ക് അതിക്രമിച്ചുകയറിയത്. കോളജില്‍ സ്ഥാപിച്ചിട്ടുള്ള മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സംഘപരിവാര പ്രവര്‍ത്തകരുടെ അതിക്രമം. ഹാമിദ് അന്‍സാരിയുടെ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഏതാനും വാര അകലെ വരെ അക്രമികള്‍ എത്തിയിരുന്നു. അക്രമികളെ തടയുന്നതിനു പകരം പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു പോലിസ്.
Next Story

RELATED STORIES

Share it