അലിഗഡ് സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

അലിഗഡ്: മുഹമ്മദലി ജിന്നയുടെ ഫോട്ടോ സര്‍വകലാശാല ഹാളില്‍ നിന്നു നീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 12 വരെയുള്ള പരീക്ഷകളാണ് നീട്ടിവച്ചതെന്ന് സര്‍വകലാശാല വക്താവ് ഉമര്‍ സാലിം മാധ്യമങ്ങളോട് പറഞ്ഞു. അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. നിരവധി വിദ്യാര്‍ഥികളെ പോലിസിന്റെ ഒത്താശയോടുകൂടി ഇവര്‍ തല്ലിച്ചതച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക വരെയുണ്ടായി. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയായ സതീഷ് ഗൗതമാണ് ആദ്യമായി രംഗത്തെത്തിയത്. സംഭവത്തില്‍ വിശദീകരണം തേടി സതീഷ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തരീഖ് മന്‍സൂറിന് കത്തയച്ചിരുന്നു. സര്‍വകലാശാലയില്‍ ഫോട്ടോ സ്ഥാപിച്ചതിന്റെ പ്രേരണ എന്താണെന്ന് വ്യക്തമാക്കണം എന്നാണ് ഗൗതം കത്തില്‍ ആവശ്യപ്പെട്ടത്. അതേസമയം, എഎംയുവില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മുഴങ്ങുന്നത് ആര്‍എസ്എസിനെതിരായ മുദ്രാവാക്യം.
സംഘപരിവാരത്തിനെതിരെ ജെഎന്‍യുവില്‍ അണപൊട്ടിയ വിദ്യാര്‍ഥി രോഷത്തിന്റെ മറ്റൊരു പതിപ്പാണ് എഎംയുവിലേതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പ്രതിഷേധ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസ് സേ ബി ഹം ലേക്കെ രഹേന്‍ഗെ ആസാദി, ആസാദി ഫ്രം ആര്‍എസ് എ സ് എന്ന ഈണമാര്‍ന്ന മുദ്രാവാക്യ വീഡിയോയാണ് ഇതിനോടകം വൈറലായത്. സംഘപരിവാരത്തില്‍ നിന്നും സ്വാതന്ത്ര്യം വേണം. വിദ്യാഭ്യസ മേഖലയിലെ കാവിവല്‍ക്കരണത്തിനും ഭീകരതയ്ക്കുമെതിരാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധമെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരല്ലെന്നും പ്രഫസറും എഎംയു വക്താവുമായ ഷാഫി കിദ്വായ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it