Flash News

അലിഗഡ് വൈസ് ചാന്‍സിലര്‍ നിയമനം കേന്ദ്രസര്‍ക്കാരിന് വിടണം : യുജിസി



ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ മാറ്റണമെന്നു യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ (യിജിസി) നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. മറ്റു കേന്ദ്ര സര്‍വകലാശാലകളിലെ നിയമനം പോലെ അലിഗഡിലെ വിസി നിയമനപ്രക്രിയയും മാറ്റണമെന്നാണ് യുജിസി നിയമിച്ച സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്. ദേശീയതലത്തിലുള്ള ഏകീകൃത പൊതു പ്രവേശനപ്പരീക്ഷ മുഖേനയാവണം അലിഗഡിലെ മെഡിക്കല്‍ പ്രവേശനമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തെ 10 കേന്ദ്ര സര്‍വകലാശാലകള്‍ക്കെതിരേ ഉയര്‍ന്ന സാമ്പത്തിക, ഭരണക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് യുജിസി സമിതിയെ നിയമിച്ചത്.മറ്റു കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നു വ്യത്യസ്തമാണ് അലിഗഡിലെ വിസി നിയമനം. അലിഗഡ് സര്‍വകലാശാലാ നിര്‍വാഹക സമിതി അഞ്ചുപേരടങ്ങുന്ന ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് നിയമനം നടത്തുന്നത്. സര്‍വകലാശാലാ ഭരണസമിതിയായ അലിഗഡ് കോര്‍ട്ട് ഇതു മൂന്നാക്കി ചുരുക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കൈമാറുകയാണ് പതിവ്. മന്ത്രാലയം ഇവ രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതി പേര് ഔദ്യോഗികമായി അംഗീകരിക്കുകയാണ് നിലവിലെ നടപടിക്രമം. മറ്റു കേന്ദ്ര സര്‍വകലാശാലകളില്‍ വിസി നിയമനത്തിനു പൊതുജനങ്ങള്‍ അറിയുന്ന വിധം പരസ്യം നല്‍കിയാണ് വിസിമാരെ നിയമിക്കാറ്. തുടര്‍ന്ന്, അപേക്ഷകരില്‍ നിന്നു മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പു സമിതി യോഗ്യരായവരെ കണ്ടെത്തും. അപേക്ഷകരില്‍ നിന്നു മൂന്നുപേരെ കണ്ടെത്തി അവ മന്ത്രാലയത്തിനു ശുപാര്‍ശ ചെയ്യും. മന്ത്രാലയം മൂന്നു പേരുകള്‍ രാഷ്ട്രപതിക്കും അയക്കും. അവസാനം രാഷ്ട്രപതി ഒരു പേര് അംഗീകരിക്കും. സര്‍വകലാശാലാ നിയമനത്തിലും പ്രവേശനത്തിലും സ്ഥാനക്കയറ്റത്തിലും നിരവധി ക്രമക്കേടുകള്‍ ഉള്ളതായും സമിതിയുടെ റിപോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു മൊത്തം 15 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്.
Next Story

RELATED STORIES

Share it