അലിഗഡ് വൈസ് ചാന്‍സലര്‍ നിയമനം : യുജിസിയുടെ പുതിയശുപാര്‍ശയ്‌ക്കെതിരേ വിസി



ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന യുജിസി സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരേ അലിഗഡ് വിസി താരീഖ് മന്‍സൂര്‍. വിസി നിയമനം അലിഗഡിന്റെ സവിശേഷാധികാരത്തില്‍ പെട്ടതാണെന്നും നിയമന നടപടികള്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അലിഗഡിലെ വിസി നിയമനം സ്ഥാപനത്തിന്റെ സ്വയംഭരണാധികാരത്തിന്റെ ഭാഗമാണ്. ഹാമിദ് അന്‍സാരി, സയ്യിദ് ഹാമിദ് തുടങ്ങിയ വിശിഷ്ട വ്യക്തികളാണ് കഴിഞ്ഞ കാലങ്ങളില്‍ സ്ഥാപനത്തിന്റെ വിസിമാരായി ഇരുന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ എല്ലാ ജാതി-മതവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരുമായുണ്ട്. ഏറെ വൈവിധ്യങ്ങള്‍ അടങ്ങിയതാണ് ഈ സര്‍വകലാശാല. മെഡിക്കല്‍ ഫാക്കല്‍റ്റിയില്‍ മാത്രം 40 ശതമാനം അധ്യാപകരും ഇതര മതസ്ഥരാണ്. രാജ്യത്തെ എല്ലാ ദേശീയ മാധ്യമങ്ങളിലും പരസ്യം നല്‍കി യുജിസി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്ക് അനുസരിച്ചു മാത്രമാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു കേന്ദ്ര സര്‍വകലാശാലകളിലെ നിയമനം പോലെ അലിഗഡിലെ വിസി നിയമനപ്രക്രിയയും മാറ്റണമെന്ന് യുജിസി നിയമിച്ച ഉപസമിതി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അലിഗഡ് വിസിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it