അലിഗഡ്: രാജ്യസഭ ബഹളത്തില്‍ മുങ്ങി

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സൃഷ്ടിച്ച ബഹളത്തില്‍ രാജ്യസഭ സ്തംഭിച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ വെള്ളിയാഴ്ച ഉച്ചവരെ നിര്‍ത്തിവച്ചു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്ക് ഭീഷണിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യംവിളിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ പോയിരിക്കണമെന്നും വിഷയത്തില്‍ ചര്‍ച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. ശൂന്യവേളയില്‍ എസ്പി അംഗം ജാവദ് അലിഖാനാണു വിഷയം ഉന്നയിച്ചത്. അലിഗഡ് സര്‍വകലാശാലകളുടെ ഓഫ് കാംപസുകള്‍ നിയമവിരുദ്ധമാണെന്നും അവയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി പ്രസ്താവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും തീരുമാനപ്രകാരം ചട്ടങ്ങള്‍ അനുസരിച്ചാണ് 2008ല്‍ അഞ്ച് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിച്ചത്. അതില്‍ മൂന്നെണ്ണം പ്രവര്‍ത്തിച്ചുവരുന്നുമുണ്ട്. ഈ തീരുമാനമാണ് ബിജെപി സര്‍ക്കാര്‍ ചോദ്യംചെയ്യുന്നത്- ജാവേദ് അലി പറഞ്ഞു.
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞെങ്കിലും അംഗങ്ങള്‍ തൃപ്തരായില്ല. ശരത് യാദവ് (ജെഡിയു), ദിഗ്‌വിജയ് സിങ് (കോണ്‍ഗ്രസ്), സീതാറാം യെച്ചൂരി (സിപിഎം) എന്നിവരും ഖാനൊപ്പം ചേര്‍ന്നതോടെ ബഹളമായി. തുടര്‍ന്ന് കുര്യന്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it