malappuram local

അലിഗഡ് മലപ്പുറം കേന്ദ്രത്തിന് കേന്ദ്രസര്‍ക്കാരിന്റെ മരണ വാറണ്ട്

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന് കേന്ദ്രസര്‍ക്കാരിന്റെ മരണ വാറണ്ട്. മലപ്പുറം കേന്ദ്രത്തിന്റെ വികസനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഫണ്ട് അനുവദിക്കാനാവില്ലെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശമാണ് ജില്ലയിലെ വിദ്യാഭ്യാസ പ്രതീക്ഷകള്‍ക്ക് മരണമണിയായത്.
ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രവര്‍ത്തനം പ്രതിസന്ധിയിലായ മലപ്പുറം സെന്ററിന് ഫണ്ട് അനുവദിക്കാനാവില്ലെന്ന് ജനുവരി എട്ടിന് ഡല്‍ഹിയിലും 14ന് തിരുവനന്തപുരത്തും നടന്ന ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് സച്ചാര്‍ സമിതി നിര്‍ദേശപ്രകാരമാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ അലിഗഡ് മലപ്പുറം കേന്ദ്രത്തിന് അനുമതിയാക്കിയത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍ ജില്ലയില്‍ അലിഗഡ് സര്‍വകലാശാല കേന്ദ്രം തുടങ്ങാന്‍ 2010 ലാണ് ചാന്‍സലര്‍കൂടിയായ രാഷ്ട്രപതി അനുമതി നല്‍കിയത്. യുപിഎ സര്‍ക്കാര്‍ അനുവദിച്ച 140 കോടി രൂപയാണ് കേന്ദ്രത്തിന് ആകെ അനുവദിച്ച കേന്ദ്രസഹായം. ഈ തുക മുഴുവനായി ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ജനുവരി എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അലിഗഡിന് എതിരായിരുന്നു.
പെരിന്തല്‍മണ്ണയില്‍ 345 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അലിഗഡിന് വേണ്ടി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും അത് തിരിച്ചെടുത്തുകൊള്ളാനാണ് കേന്ദ്രം സംസ്ഥാനത്തിന് മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനുവരി 14ന് തിരുവനന്തപുരത്ത് വച്ച് കേന്ദ്രമന്ത്രിയുമായി തുടര്‍ ചര്‍ച്ച നടത്തിയെങ്കിലും അലിഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുത്തതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ യൂനിവേഴ്‌സിറ്റികള്‍ക്കെതിരേ സ്വീകരിച്ച നിലപാടുകള്‍ മലപ്പുറം അലിഗഡ് കേന്ദ്രത്തിന് ഇരുട്ടടിയായിട്ടുണ്ട്. മലപ്പുറം അലിഗഡ് കേന്ദ്രം അനുവദിക്കുന്നതിനെതിരേ ബിജെപിയും ആര്‍എസ്എസ്സും പരസ്യമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ മാസം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് മുരളീധരനും സംഘവും പെരിന്തല്‍മണ്ണ സെന്ററിലെത്തി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെങ്കിലും കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തിരുവനന്തപുരത്ത് ഇവര്‍ കാര്യമായൊന്നും ആവശ്യപ്പെട്ടിരുന്നില്ല.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ കാംപസില്‍ വികസനം സ്തംഭനാവസ്ഥയിലാണ്. നിലവില്‍ ബിഎ എല്‍എല്‍ബി, എംബിഎ കോഴ്‌സുകളും ബിഎഡ് കോളജുമാണ് പ്രവര്‍ത്തിക്കുന്നത്. അലിഗഡില്‍ 50 ശതമാനം സീറ്റുകള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തതിനാല്‍ കാംപസില്‍ മലയാളി സാന്നിധ്യം കുറവാണ്.
ഇത് പരിഹരിക്കാന്‍ കാംപസില്‍ സ്‌കൂള്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും യൂനിവേഴ്‌സിറ്റി നിയമങ്ങള്‍ മറികടക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം മുന്‍കൈ എടുക്കേണ്ടതുണ്ട്. നിരവധി തവണ പ്രശ്‌നം കേന്ദ്ര സര്‍ക്കാരില്‍ എത്തിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ കാംപസിനെ അടച്ചുപൂട്ടാനുള്ള വാറണ്ടാവുകയാണ്.
Next Story

RELATED STORIES

Share it