malappuram local

അലിഗഡ് മലപ്പുറം കേന്ദ്രത്തില്‍ വിദ്യാര്‍ഥി സമരം; ഡയറക്ടറുടെ കോലം കത്തിച്ചു

പെരിന്തല്‍മണ്ണ: അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നാരോപിച്ച് അലിഗഡ് മലപ്പുറം കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.
വ്യാഴാഴ്ച വൈകീട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ കാംപസിലെ ആംബുലന്‍സ് കോളജ് അധികൃതര്‍ വിട്ടുനല്‍കിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു.
കാംപസിനു സമീപത്തുണ്ടായ അപകടത്തില്‍ എ ഫൗറിയ, അമീര്‍ സുഹൈല്‍, ശര്‍മത്ത് അസീസ്, ഷഹ്ബാസ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് മൂന്നുപേരെ കാന്റീന്‍ ജീവനക്കാരന്‍ കാറിലും ഒരു വിദ്യാര്‍ഥിയെ ബൈക്കിലുമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം, അടിയന്ത സാഹചര്യത്തില്‍ ആംബുലന്‍സ് കൊണ്ടുപോവാന്‍ അനുമതിയുണ്ടെന്നും ഡ്രൈവര്‍ ഇല്ലാത്തതിനാലാണ് ആംബുലന്‍സ് വിട്ടുനല്‍കാത്തതെന്നുമാണ് ഡയറക്ടറുടെ വിശദീകരണം. കാംപസ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് കാന്റീന്‍ ജീവനക്കാരന്റെ വാഹനം ഉപയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ കാംപസില്‍ ഉപരോധ സമരം തുടങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുമ്പില്‍ ഡയറക്ടറുടെ കോലം കത്തിച്ചു.
ഇതിനിടെ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് വിദ്യാര്‍ഥിപ്രതിനിധികളുമായി ഡയറക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി സമരം കാരണം എല്‍എല്‍ബി റീസിറ്റ് പരീക്ഷ അവതാളത്തിലായി. ഡയറക്ടറെ പുറത്താക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ നാളെയും സമരം തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it