അലിഗഡ് മലപ്പുറം ഓഫ് കാമ്പസിന് ഫണ്ട് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിക്കും

കോഴിക്കോട്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ അറിയിച്ചു. സംസ്ഥാന നഗരകാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയോടൊപ്പം കോഴിക്കോട്ട് മുഖ്യമന്ത്രിയെക്കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
1920ലെ അലിഗഡ് സര്‍വകലാശാല നിയമം 1981ല്‍ ഭേദഗതി ചെയ്‌തെങ്കിലും കാമ്പസിലെ കേന്ദ്രപളളിയില്‍നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ ഹൈസ്‌ക്കൂള്‍ സ്ഥാപിക്കാന്‍ പാടുളളൂവെന്ന നിയമത്തിലെ വ്യവസ്ഥ മാറ്റിയിരുന്നില്ല. ഇതുകാരണം മലപ്പുറം കാമ്പസില്‍ ഹൈസ്‌ക്കൂള്‍ സ്ഥാപിക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിയുന്നില്ല. ഇതിനായി നിയമം ഭേദഗതി ചെയ്യാന്‍ കേരളത്തില്‍നിന്നുളള എംപിമാര്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചെങ്കിലും ഔദ്യോഗിക ബില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സജീവ പരിഗണനയ്ക്കു സമര്‍പ്പിക്കും.
മലപ്പുറം കേന്ദ്രത്തിനു നടപ്പുവര്‍ഷം 75 കോടി രൂപ ലഭിക്കേണ്ടിയിരുന്നെങ്കിലും 15 കോടി രൂപ മാത്രമാണ് ലഭ്യമായത്. അവശേഷിക്കുന്ന തുക കൂടി ലഭിച്ചെങ്കിലേ സെന്ററിന് മുന്നോട്ട് പോവാനാവൂ. അലിഗഡ് സെന്ററിന്റെ നിര്‍മാണത്തിനുളള സമ്പൂര്‍ണ പ്ലാന്‍ തയ്യാറായിട്ടുണ്ടെങ്കിലും കേന്ദ്രം ഫണ്ട് അനുവദിച്ചാല്‍ മാത്രമേ നിര്‍മാണം തുടങ്ങാനാവൂയെന്നും വിസി പറഞ്ഞു.
Next Story

RELATED STORIES

Share it