Readers edit

അലിഗഡ് ഓഫ് കാംപസ്: പ്രഖ്യാപനങ്ങള്‍ മാത്രം പോരാ

അലിഗഡ് ഓഫ് കാംപസ്: പ്രഖ്യാപനങ്ങള്‍ മാത്രം പോരാ
X
slug-enikku-thonnunnathuഇര്‍ഷാദ് മൊറയൂര്‍, മലപ്പുറം

മലപ്പുറത്തെ അലിഗഡ് ഓഫ് കാംപസ് സെന്റര്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ റിട്ട. അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷായുടെ നീക്കങ്ങള്‍ സ്വാഗതാര്‍ഹവും പ്രതീക്ഷാര്‍ഹവുമാണ്. അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും നടത്തിയ ചര്‍ച്ച ഫലപ്രദമാവുമെന്ന് നമുക്കു പ്രതീക്ഷിക്കാം. വരുന്ന ഫെബ്രുവരി 28ന് മലപ്പുറത്ത് അലിഗഡ് ഓഫ് കാംപസ് സെന്റര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു നടന്ന പ്രഖ്യാപനത്തിന് അഞ്ചു വയസ്സാവുന്നു. അതുമായി ബന്ധപ്പെട്ട് നടപ്പാവാതെപോയ പദ്ധതികളെക്കുറിച്ച് ഒരു ആത്മവിമര്‍ശനം നടത്താന്‍ മുസ്‌ലിംലീഗ് അടക്കമുള്ള ഭരണകക്ഷികള്‍ തയ്യാറാവേണ്ടതുണ്ട്.
മുസ്‌ലിം ന്യൂനപക്ഷം വിദ്യാഭ്യാസപരമായി പിന്നിലാണെന്ന സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഓഫ് കാംപസ് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായത്. അതിലൊന്നായിരുന്നു മലപ്പുറം. മലപ്പുറത്തെ കാംപസിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ പ്രാദേശിക സംവരണം നടപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിന് ആദ്യം കാംപസില്‍ സ്‌കൂള്‍ തുടങ്ങണം. ഇതിനു സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി വരുത്തണം. ഭേദഗതിക്ക് പാര്‍ലമെന്റിലാണ് നിയമനിര്‍മാണം നടത്തേണ്ടത്. ഇതിനു വേണ്ട നടപടികള്‍ എങ്ങുമെത്തിയില്ല. പാര്‍ലമെന്റില്‍ ഔദ്യോഗിക ബില്ല് അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
സ്ഥലം എംപി കൂടിയായ ഇ അഹമ്മദിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് അലിഗഡ് കാംപസ്. പക്ഷേ, അതിനായി യാതൊരുവിധ നീക്കങ്ങളും ഉണ്ടാവാത്തത് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ അനാസ്ഥയാണ് വെളിവാക്കുന്നത്. ഓഫ് കാംപസ് സെന്ററിന്റെ മറ്റൊരു തടസ്സം സാമ്പത്തിക ബാധ്യതയാണ്. ആദ്യഘട്ടത്തില്‍ 1,200 കോടിയുടെ പദ്ധതിയായിരുന്നുവത്. പിന്നീടത് 140 കോടിയാക്കി ചുരുക്കി. നടപ്പു സാമ്പത്തികവര്‍ഷം 75 കോടി വേണ്ടിടത്ത് ഇന്നു ലഭിക്കുന്നത് 15 കോടി മാത്രമാണ്. 2011-12 ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും അതു കടലാസിലൊതുങ്ങി. 12ാം പഞ്ചവല്‍സരപദ്ധതി പ്രകാരം മലപ്പുറം കാംപസിന് വെറും 130 കോടി മാത്രമാണു ലഭിക്കുക. അതിലും വ്യക്തത വരാനുണ്ട്.
2011 ഫെബ്രുവരി 28നാണ് കാംപസ് പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്നത്. പിന്നീട് 2012 ജനുവരി ഒന്നിന് ചേലാമലയിലെ സ്ഥിരം കാംപസിലേക്കു മാറ്റി. നിലവില്‍ ബിഎ, എല്‍എല്‍ബി, എംബിഎ, ബിഎഡ് എന്നിവയിലായി 300ഓളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നു. നാകിന്റെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, കെട്ടിടങ്ങളുടെ ശിലാസ്ഥാപനം, അക്കാദമിക് ബ്ലോക്കുകള്‍ക്ക് വേണ്ട യുജിസിയുടെ 15 കോടി, എല്‍എല്‍ബിക്ക് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം, സമ്പൂര്‍ണ വൈഫൈ കാംപസ്, ബിഎഡ് കോഴ്‌സുകള്‍ക്കു വേണ്ട അംഗീകാരം തുടങ്ങിയതൊക്കെ ഇഴഞ്ഞുനീങ്ങുന്നു. അതിനാല്‍, രാജ്യത്തെ മറ്റു സെന്ററുകളെ അപേക്ഷിച്ച് വളരെ പിന്നിലാണ് മലപ്പുറത്തെ കാംപസ്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനങ്ങള്‍ നടത്താന്‍ ജനപ്രതിനിധികള്‍ കാണിക്കുന്ന ആവേശം കാംപസിന്റെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി നടത്തുന്നതില്‍ കാണിക്കാറില്ല. ഇലക്ഷന്‍ സമയത്ത് പുകമറ സൃഷ്ടിച്ച് പ്രഖ്യാപിച്ച ഇഫ്‌ലു കാംപസ് ഇന്ന് ഓര്‍മ മാത്രമായി മാറിയിരിക്കുന്നു. അലിഗഡ് കാംപസ് മറ്റൊരു ഇഫ്‌ലു കാംപസായി മാറരുത്. അതിനായി കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രി, മാനവ വിഭവശഷി മന്ത്രി, യുജിസി അധികൃതര്‍ എന്നിവരുമായി സംസാരിച്ച് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ആറും ഏഴും സര്‍വകലാശാലകള്‍ കൊണ്ടുവന്നെന്ന് വീമ്പുപറയുന്നവരോട്, കടലാസില്‍ വരച്ചിട്ട കെട്ടിടങ്ങളല്ല നമുക്കു വേണ്ടതെന്ന് നിവര്‍ന്നുനിന്നു പറയാന്‍ ആര്‍ജവമുള്ള ഒരു സമൂഹം ഇവിടെ വളര്‍ന്നുവരേണ്ടതുണ്ട്.
Next Story

RELATED STORIES

Share it