അലിഗഡിന്റെ ന്യൂനപക്ഷ സ്വഭാവം കാത്തുസൂക്ഷിക്കും: വിസി

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നു സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ. സര്‍വകലാശാലയില്‍ 63ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാല രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കില്‍ അഭിമാനമുണ്ട്. വിവിധ മേഖലകളില്‍ മുന്നേറ്റം തുടരുന്ന സര്‍വകലാശാലയെ സംരക്ഷിക്കേണ്ടതുണ്ടെന്നും വിസി പറഞ്ഞു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മതേതര രാജ്യത്ത് സ്ഥാപനങ്ങള്‍ക്ക് ഇത്തരം പദവി നല്‍കാനാവില്ലെന്നു കാണിച്ച് എന്‍ഡിഎ സര്‍ക്കാരാണു കോടതിയെ സമീപിച്ചത്.
അതേസമയം, ഇന്ത്യയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് വളരെ വലുതാണെന്നു ചടങ്ങില്‍ പങ്കെടുത്ത അമേരിക്കന്‍ വ്യവസായ സംരംഭകന്‍ ഫ്രാങ്ക് ഇസ്‌ലാം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ടെങ്കിലും ഈ പുരോഗതിയുടെ ഫലം ന്യൂനപക്ഷങ്ങള്‍ക്കു ലഭ്യമാവുന്നില്ല. ഇന്ത്യയുടെ മുഖം മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കാനിരിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ചിന്തകളും വിഭാഗീയതയും ഉയര്‍ന്നുവരുന്ന ഈ സമയത്ത് രാജ്യത്തെ സമാധാനപാലനത്തിന് അലിഗഡ് സര്‍വകലാശാല പോലുള്ള സ്ഥാപനങ്ങള്‍ക്കു കാര്യമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it