അലഹബാദ് സര്‍വകലാശാല വിവാദം: സ്മൃതി ഇറാനിക്കെതിരേ എട്ട് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: ഹൈദരാബാദ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലകള്‍ക്കു ശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് റിച്ചാസിങിനെയും വേട്ടയാടുകയാണെന്ന് എട്ട് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ അവര്‍ സംയുക്ത പ്രസ്താവന ഇറക്കി.
ജയറാം രമേശ്, രാജീവ് ശുക്ല (കോണ്‍ഗ്രസ്), സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), കെ സി ത്യാഗി (ജെഡിയു), ജാവേദ് അലിഖാന്‍ (എസ്പി), ഭഗവത് മാന്‍ (എഎപി), ജയപ്രകാശ് യാദവ് (ആര്‍ജെഡി) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്. മന്ത്രി എബിവിപിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. അലഹബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് റിച്ചാസിങ്. യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മറ്റു സ്ഥാനങ്ങളെല്ലാം എബിവിപി നേടിയപ്പോള്‍ പ്രസിഡന്റ് സ്ഥാനം സ്വതന്ത്രയായി മല്‍സരിച്ച റിച്ചാ സിങിനാണ് ലഭിച്ചത്.
ബിജെപി എംപി യോഗി ആദിത്യനാഥിന്റെ സര്‍വകലാശാല സന്ദര്‍ശനത്തെ എതിര്‍ത്തുവെന്നാരോപിച്ചാണ് എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവര്‍ക്കെതിരേ തിരിഞ്ഞത്. സാങ്കേതിക കാരണങ്ങളാല്‍ വൈസ് ചാന്‍സലര്‍ റിച്ചാ സിങിന്റെ പ്രവേശനം തടഞ്ഞിരിക്കുകയാണ്.
എബിവിപി പ്രവര്‍ത്തകരാണ് വിസിയുടെ നടപടിക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ജെഎന്‍യുവിനും ഹൈദരാബാദ് സര്‍വകലാശാലയ്ക്കും ശേഷം അലഹബാദ് സര്‍വകലാശാലയും കാവിവല്‍കരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രോഹിതിനും കനയ്യക്കും ശേഷം റിച്ചാ സിങിനെയും അവര്‍ വേട്ടയാടുകയാണ്. എബിവിപിയുടെയും ആര്‍എസ്എസിന്റെയും മാത്രം മന്ത്രിയല്ല താനെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നും സ്മൃതി ഇറാനി ഓര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശമാണെന്നുള്ള വസ്തുത സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. എബിവിപിയുടേതില്‍ നിന്ന് വ്യത്യസ്ത നിലപാടുകളുള്ള വിദ്യാര്‍ഥികളെ സര്‍വകലാശാലാ അധികൃതര്‍ വേട്ടയാടുകയാണെന്ന് അവര്‍ പറഞ്ഞു.
സര്‍വകലാശാല കാംപസുകളിലെ ഭരണഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it