kozhikode local

അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ യാത്രക്കാര്‍ക്കു ഭീഷണിയാവുന്നു

കോഴിക്കോട്: അലഞ്ഞുതിരിയുന്ന കാലികളെ പിടിക്കാന്‍ കോര്‍പറേഷന്‍ നേതൃത്വത്തില്‍ ഭഗീരഥ പ്രയത്‌നം നടക്കുന്നതിനിടെ നഗരത്തിന്റെ ഹൃദയഭാഗത്ത് കാലിക്കൂട്ടത്തിന്റെ സുഖശയനം. മാവൂര്‍ റോഡില്‍ അരയിടത്തുപാലം മേല്‍പ്പാലം തുടങ്ങുന്നിടത്താണ് യാത്രക്കാര്‍ക്ക് ഭീഷണിയായി കാലിക്കൂട്ടം കിടക്കുന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായതിന് ശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലികളെ പിടികൂടുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുകയും ഇതിന്റെ ഭാഗമായി 17 കാലികളെ പിടികൂടുകയും ചെയ്തിരുന്നു.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഇപ്പോഴും കാലിശല്യം രൂക്ഷമാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ജയില്‍ റോഡിലൂടെ ഓടിയ കാള കാല്‍നടക്കാരെയും ഇരുചക്രവാഹനയാത്രികരെയും ഒരു പോലെ ഭീതിയിലാഴ്ത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടുന്ന കന്നുകാലികളെ കോര്‍പറേഷന്‍ ഓഫിസിന് സമീപത്തെ തൊഴുത്തിലേക്കാണ് ഇപ്പോള്‍ മാറ്റിയിട്ടുള്ളത്. ഇവയ്ക്ക് വേണ്ട പുല്ലും വെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഉടമസ്ഥരെത്തിയില്ലെങ്കില്‍ ഇവയെ ലേലത്തില്‍ വില്‍ക്കാനാണ് പരിപാടി. ഇതുവരെ ഒന്നിനു മാത്രമാണ് ഉടമയെത്തിയത്. ബാക്കിയുള്ളവയുടെ ഉടമകളെത്തിയാല്‍ പിടുത്തക്കൂലിയും ഭക്ഷണത്തിന് ചെലവായ തുകയും ഈടാക്കി ഇനി റോഡിലലയാന്‍ വിടരുതെന്ന താക്കീത് നല്‍കി വിട്ടയക്കുകയാണ് ചെയ്യുക. ആദ്യഘട്ട ലേലം ഇന്നലെ നടക്കേണ്ടതായിരുന്നെങ്കിലും സാവകാശം നല്‍കണമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ന് ചേരുന്ന സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവും. ലേല അറിയിപ്പ് ഇന്നലെ കോര്‍പറേഷന്‍ സര്‍ക്കിള്‍ ഓഫിസില്‍ പതിച്ചിട്ടുണ്ട്. കാലികളെ പിടികൂടാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നഗരത്തില്‍ ആല സ്ഥാപിച്ചിരുന്നു.
പഴയ രാജ്‌ലു റോഡില്‍ (ഇപ്പോഴത്തെ അവരവിന്ദ് ഘോഷ് റോഡ്) കോര്‍പറേഷന്‍ കോളനിയോട് ചേര്‍ന്നായിരുന്നു ആല. പിന്നീട് കോര്‍പറേഷന്‍ അധികൃതര്‍ അലഞ്ഞുതിരിയുന്ന കാലികളെ പിടിക്കാന്‍ നടപടിയെടുക്കാതായതോടെ ഉപയോഗ ശൂന്യമായി മാറിയ ആല പിന്നീട് നശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it